കൊറോണ വൈറസും കോഴിയിറച്ചിയും തമ്മിൽ ബന്ധമുണ്ടോ?

single-img
23 March 2020

കോവിഡ് 19 എന്ന രോഗം ലോകത്ത് രണ്ട് ലക്ഷത്തിൽപ്പരം ആളുകളെ ബാധിക്കുകയും ഏതാണ്ട് പതിനായിരം പേരുടെ ജീവനെടുക്കുകയും ചെയ്ത ഭീതിദമായ അവസ്ഥയിലൂടെയാണ് നാമോരോരുത്തരും കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1061- പേരെയാണ് നോവൽ കൊറോണ വൈറസ് കൊലപ്പെടുത്തിയത്. ഈ അനിശ്ചിതാവസ്ഥ ലോകത്തെ ഒരു സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തന്നെ തള്ളിവിടുന്ന സാഹചര്യമാണുള്ളത്.

എന്നാൽ ഈ സാഹചര്യത്തിലും പ്രചരിക്കുന്ന വ്യാജവാർത്തകൾ സമൂഹത്തെ വഴിതെറ്റിക്കുകയും അതുവഴി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കോഴിയിറച്ചിയും മുട്ടയും വഴി നോവൽ കൊറോണ വൈറസ് പകരുന്നു എന്നാണ് പുതിയ വ്യാജവാർത്ത. കോഴിയിറച്ചിയാണ് ഈ വൈറസ് ബാധയുടെ മൂലകാരണം എന്ന് വിവരിക്കുന്ന ഒരു വ്യാജവീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് രാജ്യത്തെ കോഴിയിറച്ചി വ്യവസായത്തെ സാരമായി ബാ‍ധിച്ചിട്ടുണ്ട്.

മുട്ട ഉല്പാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. കോഴിയിറച്ചി ഉല്പാദനത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. എന്നാൽ ഈ വ്യാജപ്രചാരണം ഈ വ്യവസായത്തിന്റെ അടിവേരിളക്കിയിരിക്കുകയാണ്. ഈ വ്യവസായത്തെ ആശ്രയിക്കുന്ന ഏതാണ്ട് 2 കോടി ജനങ്ങളുടെ ജീവനോപാധിയെയാണ് ഈ വ്യാജവീഡിയോ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് ദേശീയ ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പൌൾട്രി വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കൽ എന്ന സ്ഥലത്ത് ഏതാണ്ട് 20 കോടി മുട്ടകളാണ് കെട്ടിക്കിടക്കുന്നത്.

എന്താണ് യാഥാർത്ഥ്യം?

കോഴികൾ നോവൽ കൊറോണ വൈറസിനെ മനുഷ്യരിലേയ്ക്ക് പകർത്തും എന്ന പ്രചാരണത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്? അതറിയാൻ ആദ്യം അറിയേണ്ടത് ഈ വൈറസിനെക്കുറിച്ചുള്ള ശാസ്ത്രീയമായ അടിസ്ഥാന വിവരങ്ങളാണ്.

കൊറോണ വൈറസ് എന്നത് ഒരു വൈറസിന്റെ പേരല്ല മറിച്ച് നിരവധി വൈറസുകളുടെ ഒരു കൂട്ടത്തെ പൊതുവായി വിളിക്കുന്ന പേരാണ്. സാഴ്സ് രോഗത്തിന് കാരണമായ SARS Cov -1, മെഴ്സ് രോഗത്തിന് കാരണമായ MERS Cov, കന്നുകാലികളിൽ രോഗം പടർത്തുന്ന ബൊവൈൻ കൊറോണ വൈറസ് ( bovine coronaviruses), പക്ഷികളിൽ രോഗം പടർത്തുന്ന ഏവിയൻ കൊറോണ വൈറസ് (avian coronaviruses) എന്നിങ്ങനെ നമ്മെ ഇപ്പോൾ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് 19 രോഗത്തിന് കാരണമായ SARS Cov 2 അടക്കം നിരവധി വൈറസുകളെ പൊതുവായി പറയുന്നത് കൊറോണ വൈറസ് എന്ന് തന്നെയാണ്.

കൊറോണ വൈറസുകളെ പ്രധാനമായും നാല് ഉപവിഭാഗങ്ങളായാണ് (genera) തിരിച്ചിരിക്കുന്നത്:

ആൽഫ കോറോണ വൈറസ്

ബീറ്റ കോറോണ വൈറസ്

ഗാമ കോറോണ വൈറസ്

ഡെൽറ്റ കോറോണ വൈറസ്

സാഴ്സ് രോഗത്തിന് കാരണമായ SARS Cov -1, മെഴ്സ് രോഗത്തിന് കാരണമായ MERS Cov, കോവിഡ് 19 രോഗത്തിന് കാരണമായ SARS Cov 2 എന്നിവയെല്ലാം ബീറ്റ കൊറോണ വൈറസ് എന്ന ഉപവിഭാഗത്തിലാണ് വരുന്നത്. അതേസമയം പക്ഷികളിൽ ഏവിയൻ ഇൻഫെക്ഷ്യസ് ബ്രോങ്കൈറ്റിസ് എന്ന രോഗമുണ്ടാക്കുന്ന Infectious Bronchitis Virus അഥവാ ഏവിയൻ കൊറോണ വൈറസ് ഗാമ കൊറോണ വൈറസ് എന്ന ഉപവിഭാഗത്തിലാണ് വരുന്നത്.

1930-കളിൽ അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിലാണ് ഏവിയൻ ഇൻഫെക്ഷ്യസ് ബ്രോങ്കൈറ്റിസ് പക്ഷികളിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്നുമുതൽ ഇന്നേവരെ ഈ രോഗം കോഴികളിൽ നിന്നും മനുഷ്യനിലേയ്ക്ക് പകർന്നതിന്റെ ഒരു ഉദാഹരണം പോലും കണ്ടെത്തിയിട്ടില്ല.

അതുപോലെതന്നെ നോവൽ കോറോണ വൈറസ് കോഴികളിൽ വസിക്കുമെന്നോ അത് മനുഷ്യനിലേയ്ക്ക് പകർത്തുമെന്നോ എന്നതിന് ഒരു തെളിവും ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. 2002-2003 കാലഘട്ടത്തിൽ ലോകത്തെ നടുക്കിയ സാഴ്സ് രോഗം വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് പകർന്നത് എന്ന് കണ്ടെത്തിയെങ്കിലും എല്ലാ മൃഗങ്ങളും അത് പകർത്തും എന്ന് അതിന് അർത്ഥമില്ല. സാഴ്സ് വൈറസിനോട് 85 ശതമാനം സാമ്യതയുള്ള വൈറസാണ് SARS Cov2 അഥവാ നോവൽ കോറോണ വൈറസ്. എന്നാൽ കോഴികളിലൂടെ ഈ വൈറസ് പകരും എന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണം തന്നെയാണെന്ന് നിസംശയം പറയാം.

ഇത്തരമൊരു മഹാമാരിയെ നേരിടാൻ സർക്കാരുകൾ പരിശ്രമിക്കുന്ന ഈ കാലത്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. വ്യാജവാർത്തകൾ ആളുകളിൽ ഭയം വിതയ്ക്കാനും തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും കാരണമാകും. ലോകസമ്പദ് വ്യവസ്ഥ തന്നെ താറുമാറാകാൻ ഇടയുള്ള ഈ കാലത്ത് സാധാരണ ജനങ്ങളുടെ ജീവനോപാധികൾ ഇല്ലാതാക്കുന്ന ഇത്തരം പ്രചാരണങ്ങൾ നടത്താതിരിക്കുക.