അന്ന് പ്രളയത്തിൽ മുങ്ങിയവരെ കെെപിടിച്ചുയർത്താൻ അവർ വള്ളമിറക്കി: ഇന്ന് മഹാമാരിയെ തോൽപ്പിക്കാൻ അവർ വള്ളമൊതുക്കി: പട്ടിണിയാണെങ്കിലും ചാലിയം ഹാര്‍ബർ അടച്ചിട്ട് മത്സ്യത്തൊഴിലാളികൾ

single-img
23 March 2020

സംസ്ഥാനം കോവിഡ് മഹാമാരിയില്‍ പെട്ട് ഒരിക്കല്‍ കൂടെ സ്തംഭിക്കുമ്പോള്‍ സ്വയം പ്രതിരോധത്തിന് തയ്യാറായി മുന്നോട്ട്  വരികയാണ് ചാലിയം ഹാര്‍ബറിലെ മത്സ്യതൊഴിലാളികള്‍. ഇന്നുമുതല്‍ വരുന്ന വെള്ളിയാഴ്ച വരെ ഹാര്‍ബറടക്കാന്‍ ഇവര്‍ സ്വയം തീരുമാനമെടുത്തിരിക്കുകയാണവർ. കുടുംബം പട്ടിണിയാണെങ്കിലും മറ്റാരുടേയും നിര്‍ബന്ധമില്ലാതെയാണ് അവർ തീരുമാനം കെെക്കൊണ്ടതെന്നുള്ളത് സാമൂഹിക പ്രതിബദ്ധതകൂടിയാണ് വെളിവാക്കുന്നത്. 

മത്സ്യങ്ങൾക്ക് പേരുകേട്ട ഹാർബറാണ് ചാലിയം ഹാർബർ. ദിവസേന രണ്ടായിരത്തോളം ആളുകളാണ് ഈ ഹാര്‍ബറുമായി ബന്ധപ്പെടുന്നത്. മത്സ്യം വാങ്ങാന്‍ കുടുംബത്തോടെയെത്തുന്നവര്‍ മുതല്‍ കളഞ്ഞുപോകുന്ന മത്സ്യം പെറുക്കിയെടുത്ത് ജീവിക്കുന്നവര്‍ വരെ ഇവിടെയുണ്ട്. ഒപ്പം അകത്ത് നിന്നും പുറത്തുനിന്നുമായി എത്തുന്ന അഞ്ഞൂറോളം വള്ളങ്ങളും ബോട്ടുകളുമെല്ലാം ഇവിടെയെത്തുന്നുണ്ട്. കോവിഡ് കാലത്ത് സാമൂഹിക അകലമെന്നത് ഒറ്റദിവസം കൊണ്ട് മറന്ന് മറന്ന് പോയ മലയാളികള്‍ക്കിടയിലേക്ക് ചാലിയത്തുകാര്‍ സ്വയം പ്രതിരോധം തീര്‍ത്ത് മാതൃകയാവുകയാണിപ്പോൾ. 

ഹാര്‍ബറില്‍ നിന്നും വിട്ടു നിൽക്കുവാൻ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. പട്ടിണിക്കാലത്തെ തല്‍ക്കാലം അവർ മറക്കാൻ ശ്രമിക്കുകയാണ്. ചെറുവള്ളങ്ങള്‍ പോലും വെള്ളിയാഴ്ചവരെ മത്സ്യബന്ധനത്തിന് പോവില്ലെന്നു ഉറപ്പിച്ചു പറയുകയാണ് തൊഴിലാളികള്‍.  ഒരു പക്ഷെ സംസ്ഥാനത്ത് ആദ്യമായാവും കൊറോണയെ പ്രതിരോധിക്കാന്‍ ഒരു ഹാര്‍ബര്‍ പൂര്‍ണമായും അടച്ചിടുന്നതിലേക്ക് കാര്യങ്ങള്‍ പോവുന്നതെന്നുള്ളത് മറ്റൊരു വസ്തുത. 

ലേലം നടക്കുന്നയിടങ്ങളില്‍ വലിയ ജനക്കൂട്ടമുണ്ടാവുന്ന സാഹചര്യത്തിൽ ലേലം നിര്‍ത്തിവെക്കാന്‍ ധാരണയായിരുന്നു. എന്നാൽ മത്സ്യം വാങ്ങാൻ വരുന്നവർക്ക് കുറവുണ്ടായില്ല. ഇതോടെയാണ് ഹാര്‍ബര്‍ ഒന്നാകെ സ്തംഭിപ്പിച്ച് കൊറോണയ്ക്കെതിരേ മതിലുകള്‍ തീർക്കാൻ അവർ തീരുമാനിച്ചത്. മത്സ്യ തൊഴിലാളികളെ ആശ്രയിച്ച്  കഴിയുന്ന പതിനായിരത്തിലേറെ ആളുകളാണ് ചാലിയം ഭാഗത്തുള്ളത്. ഭൂരിഭാഗം പേരും ദാരിദ്രത്തെ കുടുംബാംഗമായി ചേര്‍ത്തവരാണെന്നുള്ളതാണ് വാസ്തവം.