സംസ്ഥാനത്തെ എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവെക്കുന്നു

single-img
23 March 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ഏപ്രിൽ 30 വരെയുള്ള എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനിച്ചു. അടിയന്തിര സാഹചര്യം പരിഗണിച്ചുകൊണ്ട് 300 ഡോക്ടർമാരുടേയും 400 ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും നിയമനം 24 മണിക്കൂറിനുള്ളിൽ നടത്തുവാനും പിഎസ്‍സി തീരുമാനിച്ചു.

ഇപ്പോഴുള്ള ലിസ്റ്റിൽ നിന്നാണ് പുതിയ നിയമനം നടത്തുക. കൊറോണയെ നേരിടാൻ കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യം വരുമെന്നതിനാലാണ് തീരുമാനം. പബ്ലിക് റിലേഷൻ വകുപ്പിലെ അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതിയും നീട്ടിവച്ചിട്ടുണ്ട്.

മുൻപേതന്നെ ഏപ്രിൽ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവയ്ക്കുന്നതായി പിഎസ്‍സി അറിയിച്ചിരുന്നതാണ്. ഇക്കൂട്ടത്തിൽ ഒഎംആർ, കായികക്ഷമതാ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റിവച്ചിട്ടുള്ളത്. അതേപോലെ തന്നെ ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോ​ഗാം പുതുക്കി പ്രസിദ്ധീകരിക്കും.

സംസ്ഥാന ആരോ​ഗ്യവകുപ്പിലെ ലാബ് ടെക്നീഷ്യൻ തസ്തികയുടെയും വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ ഉടൻ പ്രസിദ്ധീകരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയുടെ നിയമനശുപാർശ നടത്താനും നേരത്തെ പിഎസ്‍സി തീരുമാനിച്ചിരുന്നു.