എന്താണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ലോക്ക് ഡൗൺ?; ലോക്ക് ഡൌണില്‍ ബാധമാകുന്ന വ്യവസ്ഥകള്‍ എന്തൊക്കെ?; അറിയാം

single-img
22 March 2020

കൊറോണ വൈറസ് രൂക്ഷമായി പടര്‍ന്നപ്പോള്‍ അതിനെതിരെ സമ്പൂർണ ലോക് ഡൌൺ എന്ന പ്രഖ്യാപനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായിപ്രഖ്യാപിക്കപ്പെട്ടപ്പോൾഅവിടുള്ള ജനങ്ങൾ അദ്ഭുതത്തോടെയാണ് ഇത് സ്വീകരിച്ചത്. എന്നാല്‍ ഇവിടെ നമ്മുടെ നാട്ടില്‍ എത്രത്തോളം നേരത്തേ ലോക് ഡൌണിലേക്ക് പോയാൽ, അത്രയും നല്ലത് എന്ന് നേരത്തേ തന്നെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതാണ്.

സര്‍ക്കാര്‍ തലത്തില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും, പല സ്ഥലങ്ങളിലും ഹോം ക്വാറന്റൈൻ ലംഘിച്ച് ആളുകൾ പുറത്തിറങ്ങി നടക്കുന്ന സ്ഥിതിയുണ്ടായി. കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയിലും കാസർകോട്ടും വളരെ വേഗം രോഗം പടരാൻ കാരണമായത് ഇതായിരുന്നു.

ജനങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത അവശ്യവസർവീസുകളൊഴികെ ബാക്കിയെല്ലാം അടച്ചിടും എന്നാണ് ലോക്ക് ഡൌണിലെ പ്രധാന വ്യവസ്ഥ. ഇന്ത്യയെ സംബന്ധിച്ച് ദീർഘദൂര തീവണ്ടികളും പാസഞ്ചർ ട്രെയിനുകളും അന്തർസംസ്ഥാനബസ് സർവീസുകളും മെട്രോ തീവണ്ടികളും സബർബൻ തീവണ്ടികളും ഈ മാസം 31-ാം തീയതി വരെ ഓടില്ല എന്ന് കർശനനിർദേശം വന്നതാണ്.

ഈ സാഹചര്യത്തില്‍ അവശ്യസർവീസുകൾ എതോക്കെയാകണം എന്ന് ഓരോ സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാവുന്നതാണ്. ഇപ്പോള്‍ കേരളത്തിൽ ഏഴ് ജില്ലകളിൽ മാത്രമേ ലോക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും, ഇനിയുള്ള ദിവസങ്ങളില്‍ ഇത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും സംസ്ഥാനസർക്കാരിന് അവകാശമുണ്ട്. ഇപ്പോള്‍ തന്നെ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് കഴിഞ്ഞു.

നമ്മുടെ രാജ്യത്ത് പതിനാല് സർവീസുകളാണ് പ്രധാനമായും അവശ്യസർവീസുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ധാന്യങ്ങളുടെ വിതരണം, പാനീയങ്ങളുടെ വിതരണം, പഴം, പച്ചക്കറി വിതരണം ,കുടിവെള്ള വിതരണം ,ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ, പെട്രോൾ, ഡീസൽ, സിഎൻജി, ഇവയുടെ പമ്പുകൾ, ഡിസ്പെൻസിംഗ് യൂണിറ്റുകൾ, അരി, മറ്റ് ധാന്യ മില്ലുകൾ, പാൽ പ്ലാന്റുകൾ, ഡയറി യൂണിറ്റുകൾ, വയ്ക്കോലുണ്ടാക്കുന്ന യൂണിറ്റുകൾ, കന്നുകാലികളെ പോറ്റുന്ന യൂണിറ്റുകൾ, എൽപിജി വിതരണം, മരുന്നുകൾ, ഫാർമസ്യൂട്ടിക്കലുകൾ, ആരോഗ്യസർവീസുകൾ, മെഡിക്കൽ, ആരോഗ്യ ഉപകരണങ്ങളുടെ നിർമാണം, ടെലികോം ഓപ്പറേറ്റർമാർ, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിങ്ങിനെയുള്ളവയില്‍ ഏതൊക്കെയാണ് നിലനിര്‍ത്തേണ്ടത് എന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം.