വീട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 1000 രൂപയുടെ ഭക്ഷ്യ കിറ്റ് സൗജന്യമായി എത്തിക്കാൻ സംസ്ഥാന സർക്കാർ

single-img
22 March 2020
സൂചനാ ചിത്രം

കൊറോണ സമൂഹ്യ വ്യാപനത്തിനെതിരെ സർക്കാർ ശക്തമായ നടപടിയിലേക്കു നീങ്ങുകയാണ്. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. രണ്ടു മാസത്തേക്ക് റേഷൻ സാധനങ്ങൾ സംഭരിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു കളിഞ്ഞു. ഇതിനുപുറമേ പലവ്യഞ്ജനം ഉൾപ്പെടെ മൂന്നു മാസത്തേക്കുള്ള സാധനങ്ങൾകൂടി സപ്ലൈകോ കരുതുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

കോവിഡ19 മുൻകരുതലിൻ്റെ ഭാഗമായി വീടുകളിൽ നിരീക്ഷണങ്ങളിൽ കഴിയുന്നവർക്ക് 1000 രൂപയുടെ കിറ്റ് സൗജന്യമായി എത്തിക്കും. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരമാകും വിതരണം നടക്കുക. ഇതിനായുള്ള കിറ്റുകൾ തയ്യാറായി വരികയാണെന്നും നോൺ പ്രയോറിട്ടി റേഷൻ കാർഡുടമകൾക്ക് 10 കിലോഗ്രാം അരി വീതം 10.90 രൂപ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

96665 ടൺ അരിയും 22088 ടൺ ഗോതമ്പും അടുത്ത മാസത്തെ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഇത്രയും ധാന്യംകൂടി സംഭരിക്കാനാണ് തീരുമാനം. ഇത് അനുവദിച്ചുകിട്ടുന്നതിന് എഫ്.സി.ഐക്ക് ഭക്ഷ്യവകുപ്പ് കത്ത് നൽകി.”വ്യാപാരികൾ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചാൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പെടെ നടത്തും – മന്ത്രി പി.തിലോത്തമൻ പറഞ്ഞു. 

ഒരു കിലോ പഞ്ചസാര, ഒരുകിലോ വീതം പയർ, കടല, പരിപ്പ്, ഉഴുന്ന്, പുട്ടുപൊടി, ഒരുകിലോ ആട്ട, ഒരുകവർ ഉപ്പ്, 500 ഗ്രാം ശബരി തേയില, 100 ഗ്രാം സാമ്പാർ പൊടി, 100 ഗ്രാം രസം പൊടി, 200 ഗ്രാം മുളകുപൊടി, 100 ഗ്രാം കടുക്, ഒരു ലിറ്റർ വെളിച്ചെണ്ണ, രണ്ട് അലക്കു സോപ്പ്, ഒരു കോട്ടൻ സഞ്ചി എന്നിവയാണ്  വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള കിറ്റിലുണ്ടാകുക.