കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; മതപരമായ ചടങ്ങുകൾക്കും പൂർണ്ണ വിലക്ക്

single-img
22 March 2020

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഒരേസമയം അഞ്ചുപേരി‍ല്‍ക്കൂടുതല്‍ ഒത്തുകൂടരുത്. അതുപോലെ തന്നെ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകള്‍ക്കും പൂര്‍ണവിലക്ക് ഏർപ്പെടുത്തി. എന്നാൽ അവശ്യ വസ്തുക്കളായ പലചരക്കുകടകളും മരുന്നുകടകളും രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ തുറന്ന് പ്രവർത്തിക്കും.

ഇന്ന് വൈകിട്ട് കാസർകോട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഇന്ന് മാത്രം 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരിൽ അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂർ. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം എന്നിങ്ങിനെയായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.