`12 മണിക്കൂർ വീട്ടിലിരുന്നാൽ കൊറോണ വെെറസ് നശിച്ചുപോകുമെന്നു പ്രചരിപ്പിക്കുന്നവരേ, ദയവ് ചെയ്തു ഒന്നു മിണ്ടാതിരിക്കുമോ…´

single-img
22 March 2020

12 മണിക്കൂര്‍ വീടിന് വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാല്‍ 14 മണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും ഉള്ള നുണ പ്രചരണം നടത്തരുതെന്നു വ്യക്തമാക്കി ഡോ. ജിനേഷ് പിഎസ്. ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍, വ്യക്തിശുചിത്വം പാലിക്കുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഡോ. ജിനേഷ് പിഎസ് പറയുന്നത്: 

12 മണിക്കൂര്‍ വീടിന് വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാല്‍ 14 മണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും ഉള്ള നുണ പ്രചരണം നടത്തരുത്.

6 മുതല്‍ 12 മണിക്കൂര്‍ മാത്രമേ വൈറസ് അതിജീവിക്കൂ എന്ന് നുണ പ്രചരണം ദയവുചെയ്ത് നടത്തരുത്.

ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍, വ്യക്തിശുചിത്വം പാലിക്കുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുക.

കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകള്‍ ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ ഒക്കെ അതിജീവിക്കാന്‍ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളില്‍, ചെമ്പ് പ്രതലങ്ങളില്‍ നാല് മണിക്കൂറും, കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീല്‍ പ്രതലങ്ങളില്‍ 3 ദിവസത്തോളവും അതിജീവിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നുവെച്ചാല്‍ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളില്‍ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എന്തായാലും താരതമ്യേന പുതിയ വൈറസ് ആണ്. പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. പഠന വിധേയമാക്കാത്ത അനുമാനങ്ങള്‍ തള്ളിക്കളയുക.

ദയവുചെയ്ത് ഇത്തരം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവന്‍ അപഹരിക്കരുത്.

14 മണിക്കൂര്‍ ലോക്ക് ഡൗണ്‍ നടത്തിക്കോള്ളൂ… പല രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ നടക്കുന്നുണ്ട്. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ രണ്ടര ദിവസം കര്‍ഫ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. നൂറു കേസുകള്‍ പോലും വരാത്ത ഒരു രാജ്യം കര്‍ഫ്യൂ നടത്തുന്നു. ആയിരക്കണക്കിന് കേസുകള്‍ വന്ന പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ ചെയ്തു കഴിഞ്ഞു.

ദയവുചെയ്ത് നുണ പ്രചരണം നടത്തി, അശാസ്ത്രീയത പ്രചരിപ്പിച്ചുകൊണ്ട് ഇതൊന്നും ചെയ്യരുത്.

ഗോമൂത്രവും ചാണകവും ഈ വൈറസിനെതിരെ ഔഷധമാണ് എന്നു വിശ്വസിച്ച ജനങ്ങള്‍ പോലുമുള്ള രാജ്യമാണ്. മത/വിശ്വാസങ്ങളില്‍/അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന ധാരാളം പേര്‍ ഉള്ള രാജ്യമാണ്.

അവരെ കൊലയ്ക്ക് കൊടുക്കരുത്.