`ജനതാ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടണം, സ്ഥിതിഗതികൾ അത്രത്തോളം ഗുരുതരമാണ്´

single-img
22 March 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കർഫ്യു’ ഒരാഴ്ചക്കാലത്തേക്ക് നീട്ടണമെന്ന ആവശ്യവുമായി പ്രശസ്ത ആരോഗ്യ വിദഗ്ദൻ ഡോക്ടർ അർവിന്ദ് കുമാർ. കൊറോണ വൈറസിൻ്റെ വ്യാപനം സാമൂഹ്യവ്യാപനത്തിലേക്ക് മാറിയിരിക്കാമെന്ന് ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സർ ഗംഗ റാം ഹോസ്പിറ്റലിന്റെ ചെസ്റ്റ് സർജറി വിഭാഗം ചെയർമാൻ കൂടിയായ അർവിന്ദ് കുമാർ പറഞ്ഞു. രാജ്യം ഇതിനോടകം തന്നെ കൊറോണ രോഗബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് ബാധ അതിന്റെ രണ്ടാം ഘട്ടത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങൾ വെളിവാ്കകിയത്. എന്നാൽ സർക്കാരിൻ്റെ ഔദ്യോഗിക നിലപാടിനെ മറികടന്നുകൊണ്ടാണ് ഡോക്ടർ ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ കാണുന്നത് ‘ടിപ്പ് ഒഫ് ദി ഐസ്ബെർഗ്’ മാത്രമാണെന്ന് താൻ മുൻപേതന്നെ സംശയിച്ചിരുന്നുവെന്നും രാജ്യത്തെ സ്ഥിതിവിശേഷം അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറയുന്നു. 

ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളതിനേക്കാൾ നിരവധി മടങ്ങ് കൂടുതലായിരിക്കാം രോഗികളുടെ എണ്ണം. ഏത് സമയത്തും ഇതൊരു പൊട്ടിത്തെറിക്ക് വഴിമാറാമെന്നും അദ്ദേഹം പറയുന്നു.

കൊറോണ രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ വ്യക്തികളിൽ മാത്രമായിരിക്കും രോഗം കാണപ്പെടുക. ഈ ഘട്ടത്തിൽ രോഗം പടരുന്നത് ഏകദേശം കൃത്യമായി മനസിലാക്കാനും സാധിക്കും.എന്നാൽ മൂന്നാം ഘട്ടം എത്തി സമൂഹത്തിലേക്ക് രോഗം പടർന്നാൽ ആർക്കെല്ലാം രോഗം വരുമെന്ന് തിരിച്ചറിയാൻ സാധിക്കില്ല. രോഗബാധിതരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടിവരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ കൊറോണ രോഗബാധ ഒരു സ്ഫോടനമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. . 

രാജ്യത്ത് നടക്കുന്ന രോഗപരിശോധനകളുടെ എണ്ണം വളരെ കുറവാണ്. രോഗം പടർന്നുപിടിച്ച ഇറ്റലിയെ സംബന്ധിച്ച് ഇന്ത്യയ്ക്ക് കുറഞ്ഞ ആരോഗ്യ സംവിധാനങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ പോലെയൊരു വലിയ രാജ്യത്ത് കടുത്ത നടപടികളാണ് ആവശ്യമെന്നും ജനങ്ങളെ ഇക്കാര്യത്തിൽ ബോധവത്കരിക്കണമെന്നും കടുത്ത നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഡോക്ടർ അർവിന്ദ് കുമാർ വ്യക്തമാക്കി.