വിദേശയാത്രയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കമോ ഇല്ലാതിരുന്നിട്ടും, രണ്ടു പേര്‍ക്ക് കൊറോണ; ആശങ്കയോടെ രാജ്യം

single-img
22 March 2020

ഡല്‍ഹി: രാജ്യത്താകെ കൊവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ വിദേശത്തു നിന്നു വരുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയാണ് സര്‍ക്കാര്‍.രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 300ലധികം പേരും വിദേശയാത്ര നടത്തിയവരോ വിദേശത്തുനിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്.എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച രണ്ടു കേസുകളാണ് ആരോഗ്യപ്രവര്‍ത്തകരേയും സര്‍ക്കാരിനേയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നത്.

രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശയാത്ര നടത്തിയവരോ, വിദേശത്തുനിന്നു വന്നവരുമായി ബന്ധം പുലര്‍ത്തിയവരോ അല്ല.
പുനെയില്‍ 40കാരിക്കും പശ്ചിമ ബംഗാളില്‍ 57കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിലേക്ക് ഏത് വിധത്തിലാണ് കോവിഡ് പകര്‍ന്നതെന്ന് കണ്ടെത്താനായില്ല.വിദേശ ബന്ധമില്ലാത്തതിനാല്‍ കോവിഡിന്റെ സാമൂഹിക വ്യാപനത്തിലൂടെയാവാം ഇവര്‍ക്ക് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം.

ഇത് ഏറെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 327 ആയി ഉയര്‍ന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ളത്. കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചിരിക്കുകയാണ്.