കൊറോണയെ തുരത്തൂ, കൈകഴുകൂ; കൈകഴുകുന്ന വീഡിയോ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

single-img
22 March 2020

ഡല്‍ഹി: കോറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ കൈകള്‍ കഴുകി വൃത്തിയാക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം. ഇക്കാര്യം ജനങ്ങളോട് അഭ്യര്‍ഥിച്ച് നിരവധി പ്രമുഖരാണ് രംഗത്തുവന്നിരിക്കുന്നത്.

ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ജനങ്ങളോട് കൈകഴുകുവാന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. ശരിയായ രീതിയില്‍ കൈകഴുകിയാല്‍ കൊവിഡിനെ ചെറുക്കാമെന്നും, വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക ഗാന്ധി പറയുന്നു.

ട്വിറ്ററിലൂടെ കൈകഴുകുന്ന വീഡിയോ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ പ്രചാരണം.ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച രീതിയില്‍ എങ്ങനെ കൈകള്‍ കഴുകി അണുവിമുക്തമാക്കാം എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രിയങ്ക വിശദമാക്കുന്നത്. ‘നിങ്ങള്‍ മുന്‍കരുതല്‍ എടുത്തോ?’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.