ഹോം ക്വറന്റീനില്‍ കഴിയുന്നതിനിടെ മകളുടെ വിവാഹം നടത്തി; നാദാപുരം സ്വദേശിക്കെതിരെ കേസെടുത്തു

single-img
22 March 2020

ക്വറന്റീനില്‍ കഴിയുന്നതിനിടെ മകളുടെ വിവാഹം നടത്തിയ നാദാപുരം സ്വദേശിക്കെതിരെ കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം മറികടന്നിതിനെ തുടര്‍ന്നാണ് കടമേരി സ്വദേശിയായ കുഞ്ഞബ്ദുള്ളക്കെതിരെ കേസെടുത്തത്.മാര്‍ച്ച 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ നിര്‍ദേശം അവഗണിച്ച് ഇയാള്‍ പുറത്തിറങ്ങി നടക്കുകയും കഴിഞ്ഞ ദിവസം മകളുടെ നിക്കാഹ് നടത്തുകയും ചെയ്തു. 200ലധികം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിലക്ക് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ഹോം ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 52 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. അരലക്ഷത്തോളം പേര്‍ നിരീക്ഷണത്തിലുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ബാധകമാക്കിയിട്ടുണ്ട്.