രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് 733 പേര്‍ക്ക്; പരിഭ്രാന്തിയോടെ ജനങ്ങള്‍, അടിയന്തര നടപടികള്‍ സ്വീകരിക്കാതെ പാകിസ്താന്‍,

single-img
22 March 2020

ലാഹോര്‍: കൊറോണ ബാധയെത്തുടര്‍ന്ന് അത്യന്തം ഭീകരമായ അവസ്ഥയാണ് ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്താനില്‍ നിലനില്‍ക്കുന്നത്. രാജ്യത്ത് ഇതിനോടകം 733 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ദക്ഷിണേഷ്യയില്‍ ഏറ്റവും അധികം വൈറസ് ബാധയുണ്ടായിരിക്കുന്നത് പാകിസ്താനിലാണ്. എന്നിട്ടും ആവശ്യമായ പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ പാക്‌സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.

കാര്യങ്ങള്‍ ഇത്രയും വഷളാകുന്ന സ്ഥിതി പരിഗണിച്ച് രാജ്യം ലോക്ഡൗണ്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇറ്റലിയിലെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് പാക് സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിരിക്കുന്നത്. ട്വിറ്ററില്‍ ആണ് ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

വൈറസ് ബാധയെ നേരിടുന്ന കാര്യത്തില്‍ പാക് സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയെന്ന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നില്ലെങ്കിലും വലിയ വിപത്തിലേക്ക് രാജ്യം നീങ്ങുമെന്നും ട്വിറ്ററില്‍ ജനങ്ങള്‍ പ്രതികരിക്കുന്നു.രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ട്വിറ്ററില്‍ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് അനുകൂല നിലപാടല്ല ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച എല്ലാ രാജ്യാന്തര വിമാനസര്‍വ്വീസുകളും പാകിസ്ഥാന്‍ റദ്ദ് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതിനകം പാകിസ്ഥാനില്‍ മരണപ്പെട്ടത്. അഞ്ച് പേര്‍ക്ക് അസുഖം ഭേദമായി. കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇതി തടയാന്‍ പ്രതിരോധ നടപടികളോ, ആവശ്യമായ മുന്‍കരുതലോ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.