‘ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി’ ; ട്രോളുകള്‍ക്ക് മറുപടി നൽകി മോഹന്‍ലാല്‍

single-img
22 March 2020

പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോൾ നടന്‍ മോഹന്‍ലാലും ജനത കര്‍ഫ്യൂവിന് പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാൽ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയിൽ വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

സോഷ്യൽ മീഡിയയിലാകെ ലാലിനെ കളിയാക്കി ട്രോളുകളും വന്നിരുന്നു. ഇപ്പോൾ ഇതാ ഈ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. “നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം” എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതി.

ഇതോടൊപ്പം തന്നെ, “ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്”. എന്നും ലാൽ പറയുന്നു.

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി…

Posted by Mohanlal on Sunday, March 22, 2020