കൊറോണയുടെ പേരില്‍ അയിത്തത്തിനെ വെള്ളപൂശി സംഘപരിവാര്‍ പ്രവര്‍ത്തക

single-img
22 March 2020

ഹൈന്ദവ സമൂഹത്തിൽ ഒരുകാലത്ത് നിലനിന്ന ജാതീയമായ ഒരു അനാചാരമാണ് അയിത്തം. കാലത്തിന്‍റെ പ്രവാഹത്തില്‍ പുരോഗമന ആശങ്ങള്‍ ജനങ്ങളിലേക്ക് എത്തിയപ്പോള്‍ അനാചാരങ്ങളും അതിനൊപ്പം പിന്നോട്ട് പോയി എന്നതാണ് ചരിത്രം. ഇവിടെ ലോകമാകെ കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ പേരില്‍ ആ പഴയ തീണ്ടലും തൊടീലും അയിത്തവുമൊക്കെ ഉള്‍പ്പെടുന്ന ഈ അനാചാരങ്ങളെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് സമര്‍ത്ഥിച്ച് വെള്ളപൂശുകയാണ് അംബിക ജെകെ എന്ന സംഘപരിവാര്‍ പ്രവര്‍ത്തക.

തീണ്ടലും തൊടീലും അയിത്തവുമൊക്കെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അതിനൊക്കെ ചില സാമൂഹിക മാനങ്ങൾ കൂടി ഉണ്ടായിരുന്നു. എന്തിനാണെന്നറിയാതെ അതിനെ മൊത്തത്തിൽ എതിർത്ത് അവർ കമ്മൂണിസം പ്രഖ്യാപിച്ചു. ഒരേ കിണ്ണത്തിൽ ഉണ്ട്, ഒരു പായിൽ ഉറങ്ങി പുരോഗമന വാദികളായി. എന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഭാരതം നമസ്‌തെ പറഞ്ഞു കൈകൂപ്പിയപ്പോൾ പാശ്ചാത്യതയെ സ്നേഹിച്ചു ഇന്റിമസി തേടി അവർ ആലിംഗന ബദ്ധരായി. ചുംബന സമരം വരെ നടത്തി. സസ്യാഹാരം മികച്ചതാണെന്ന് നാം പറഞ്ഞപ്പോൾ അവർ ആഹാര സ്വാതന്ത്ര്യമെന്നും പറഞ്ഞു ബീഫ് ഫെസ്റ്റിവൽ നടത്തി.”- ഇവര്‍ തന്റെ പോസ്റ്റിലെ വാചകങ്ങളിലൂടെ സംസ്ഥാനത്തിന്റെ പുരോഗനമ ആശങ്ങളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഒരുപോലെ താറടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ബ്രിട്ടീഷ് ഭരണത്തില്‍ 1947 നു ശേഷം തിരുവിതാകൂറും, തിരുകൊച്ചിയും, മലബാറും അടങ്ങുന്ന രാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും 1950 ഇൽ നിലവിൽ വന്ന ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാനത്തിൽ അവർണ്ണ ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തിനു മാറ്റം വരുവാൻ തുടങ്ങുകയും ചെയ്തു എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രം.

തുടര്‍ന്നുള്ള കാലയളവില്‍ വർണ്ണാശ്രമ ആചാരങ്ങൾ നിരോധിച്ചും സംവരണം ഏർപ്പെടുത്തിയും പിന്നോക്കമായി പോയ ജാതികളെ ഉയർത്തി കൊണ്ട് വരുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. 1956 ഐക്യ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ അധഃസ്ഥിതി വിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങൾ സംസ്ഥാന തലത്തിലും ആരംഭിക്കുകയുണ്ടായി. ഇങ്ങിനെ നാം നേടിയെടുത്ത ശ്രമങ്ങളെ ഈ കൊറോണ കാലത്തില്‍ വീണ്ടും പിന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് ഇതുപോലുള്ള എഴുത്തുകളില്‍ നാം കാണുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തീണ്ടലും തൊടീലും അയിത്തവുമൊക്കെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അതിനൊക്കെ ചില സാമൂഹിക മാനങ്ങൾ കൂടി ഉണ്ടായിരുന്നു. എന്തിനാണെന്നറിയാതെ അതിനെ മൊത്തത്തിൽ എതിർത്ത് അവർ കമ്മൂണിസം പ്രഖ്യാപിച്ചു. ഒരേ കിണ്ണത്തിൽ ഉണ്ട്, ഒരു പായിൽ ഉറങ്ങി പുരോഗമന വാദികളായി.

വീടിനകം സാംബ്രാണി പുകച്ചു, പുറത്തു അടിച്ചു ചാണകവെള്ളം തളിച്ചപ്പോൾ പഴമക്കാർ ചാണക സംഘികളായി.

ഭാരതം നമസ്‌തെ പറഞ്ഞു കൈകൂപ്പിയപ്പോൾ പാശ്ചാത്യതയെ സ്നേഹിച്ചു ഇന്റിമസി തേടി അവർ ആലിംഗന ബദ്ധരായി. ചുംബന സമരം വരെ നടത്തി.

സസ്യാഹാരം മികച്ചതാണെന്ന് നാം പറഞ്ഞപ്പോൾ അവർ ആഹാര സ്വാതന്ത്ര്യമെന്നും പറഞ്ഞു ബീഫ് ഫെസ്റ്റിവൽ നടത്തി.

പൂമുഖത്തു കാൽ കഴുകാൻ കിണ്ടിയിൽ നാം വെള്ളം വെച്ചു. പുല ആചരിച്ചു, പുണ്യാഹം തളിച്ച്, കുളിച്ചു കുറി തൊട്ട്, തുളസി ചെവിയിൽ തിരുകി, ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും നടത്തിയപ്പോൾ അവർ നമ്മളെ പിന്തിരിപ്പനെന്നു വിളിച്ചു.

മരിച്ച വീട്ടിൽ പോയി വന്നാൽ കുളിച്ചു തുണി കഴുകിയെ അകത്തു കയറാവൂ എന്ന് ശഠിച്ച നാം അന്ധവിശ്വാസികളായി.

എച്ചിലാക്കാതെ ഗ്ലാസ് ഉയർത്തി കുടിക്കാൻ പറഞ്ഞപ്പോൾ, കഴുകി കമഴ്ത്തിവെക്കാൻ പറഞ്ഞപ്പോൾ സവർണ മേധാവിത്തമെന്ന് കുറ്റപ്പെടുത്തി.

ഇപ്പഴോ?

തൊട്ടുകൂടാ… കൂടെക്കൂടെ കൈ കഴുകി ശുദ്ധി വരുത്തണം. പത്തടി അകലത്തിൽ അയിത്തം. അതായത് social distancing! ഒരാൾ ഉപയോഗിച്ചതു തൊട്ടതോ പോലും തൊടരുത്… തീണ്ടായ്മ. Sanitizing. എച്ചിലായത് കഴിക്കരുത്, hygiene. രോഗം പകരാതിരിക്കാൻ രണ്ടാഴ്ച നീരിക്ഷണത്തിൽ കഴിയണം, quarantine. അതായത് പുല ആചരിക്കണം.

കാലം കണക്കുതീർക്കുകയാണ്!

https://www.facebook.com/story.php?story_fbid=2832350796850182&id=100002258692995