ജനതാ കര്‍ഫ്യുവിനെതിരായ ട്രോളുകളില്‍ നിന്ന് ഒഴിവാക്കണം; ട്രോളന്മാരോട് സലിം കുമാര്‍

single-img
22 March 2020

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാകര്‍ഫ്യു പ്രഖ്യാപിച്ചതു മുതല്‍ അതിനെതിരായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. ട്രോളന്മാരുടെ പ്രധാന ആയുധം നടന്‍ സലിം കുമാറിന്റെ കഥാപാത്രങ്ങളുടെ മീമുകളായിരുന്നു.

ഇപ്പോഴിതാ അതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സലിം കുമാര്‍. ഈ സമയത്ത് തന്നെ വച്ച് ട്രോളുകള്‍ ഉണ്ടാക്കരുതെന്നാണ് താരത്തിന്റെ അഭ്യര്‍ഥന.’ ‘ജനത കര്‍ഫ്യൂ പ്രഖ്യാപനം വന്നതിനു ശേഷം അതിനെ കുറിച്ച് നിരവധി ട്രോളുകളാണ് വന്നത്. അതില്‍ കൂടതിലും എന്റെ മുഖം വെച്ചുള്ള ട്രോളുകളായിരുന്നു. മനസാവാച എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നും എന്നെ ഒഴിവാക്കണം. ഇതെന്റെ അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ’ എന്നാണ് താരം പറഞ്ഞത്.

അതേസമയം കൊവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനുവേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ജനത കര്‍ഫ്യൂ എന്നും സലിം കുമാര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം ഈ പതിനാല് മണിക്കൂര്‍ ജനത കര്‍ഫ്യൂ മൂലം ഇല്ലാതാകുമെന്നും സ്വഭാവികമായും ചങ്ങല മുറിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ഫ്യൂ പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂവെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകീട്ട് പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ കൈയടിച്ചോ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന മോഡിയുടെ അഭ്യര്‍ത്ഥനയേയും സലിം കുമാര്‍ സ്വാഗതം ചെയ്തു. നമ്മുടെ സുരക്ഷയ്ക്കായി രാപകല്‍ ഭേദമില്ലാതെ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യവകുപ്പ് ജിവനക്കാര്‍, പോലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്നതിലെന്താണ് തെറ്റ് എന്നാണ് താരം ചോദിക്കുന്നത്.