നാട് പൊരുതുമ്പോൾ ഞാൻ വെറുതേയിരിക്കാനോ? 32 പേരെ ഐസൊലഷനിൽ കിടത്തിയ കെട്ടിടം ശുചീകരിക്കുന്ന ദൗത്യം സ്വയമേറ്റെടുത്ത് തിരുവനന്തപുരം കൗൺസിലർ ഐപി ബിനു

single-img
21 March 2020

കൊറോണ വൈറസ് ബാബ സംശയിച്ച് 32 പേരെ ഐസൊലഷനിൽ പാർപ്പിച്ചിരിക്കുന്ന ആനയറ വേൾഡ് മാർക്കറ്റ് സമുച്ചയത്തിലെ പ്രധാന കെട്ടിടം അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭാ കൗൺസിലർ ഐപി ബിനു. നഗരസഭയിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോൾ അണുബാധ നിൽക്കുന്ന കെട്ടിടമായതിനാൽ ആരും ഈ പ്രവർത്തി ഏറ്റെടുത്തില്ല. ആരോഗ്യ വിഭാഗം ജീവനക്കാരും ഒഴിവായി.  ശുചീകരിക്കാൻപ്രവർത്തകരെ കിട്ടാതെ വന്നതോടെ ഐപി ബിനു ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുകയായിരുന്നു. 

ഐപി ബിനു ശുചീകരണം ആരംഭിച്ചതോടെ ശുചീകരണ ജീവനക്കാരിൽ രണ്ടുപേർ അദ്ദേഹത്തിനൊപ്പം കൂടി. ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്യുട്ടും കയ്യുറയും മാസ്കും ധരിച്ചു കൊണ്ടാണ് അവർ ശുചീകരണത്തിന് ഇറങ്ങിയത്. കൊറോണയ്ക്ക് എതിരെ നാടുമുഴുവൻ രംഗത്ത് ഇറങ്ങുമ്പോൾ തനിക്കും വെറുതെയിരിക്കുവാനാകില്ലെന്ന് വ്യക്തമാക്കുകയാണ് നഗരസഭാ കൗൺസിലർ. 

ഐപി ബിനുവിൻ്റെ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച സമയത്ത് നഗരസഭയുടെ കീഴിലുള്ള ഓടകളും  മറ്റും ശുചിയാക്കാൻ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് ഈ സിപിഎം കൗൺസിലർ. ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലക്കും ക്ഷേത്ര പരിസരം ശുചീകരിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു.