മധ്യപ്രദേശിൽ സിന്ധ്യയെ പിന്തുണച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
21 March 2020

മധ്യപ്രദേശില്‍ കമല്‍ നാഥ്‌ നയിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച 22 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വീട്ടിലെത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ആഴ്ചയിലായിരുന്നു ജ്യോതിരാദിത്യസിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ 22 എംഎല്‍എമാരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ ഭരണം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിരിക്കണമെന്ന് കോടതി അന്ത്യശാസനവും നല്‍കി. എന്നാല്‍ അതിന് മണിക്കൂറുകള്‍ ശേഷിക്കെ മുഖ്യമന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു.