രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ അക്ഷയും പവനും ബലപ്രയോഗം നടത്തി: പുലർച്ചേ 3.30 മുതൽ നിർഭയ പ്രതികൾ അനുഭവിച്ചത് മരണത്തേക്കാൾ വലിയ മാനസിക സമ്മർദ്ദം

single-img
21 March 2020

നിർഭയക്കേസിൽ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ നാലു കുറ്റവാളികളും കഴുമരത്തോട് അടുത്തപ്പോൾ പതറിപ്പോയെന്നു ജയിൽ അധികുതരുടെ വെളിപ്പെടുത്തൽ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഹൈക്കോടതിയിലും സുപ്രീം കോ‌ടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്പോൾ മൂന്നാം നമ്പർ ജയിലിലെ സെല്ലിനുള്ളിൽ മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർ ഒരുപോള കണ്ണടച്ചിരുന്നില്ല. പുലർച്ചെ 3.30നു ജയിൽ അധികൃതരും വെസ്റ്റ് ഡൽഹി ജില്ലാ മജിസ്ട്രേട്ട് നേഹ ബൻസാലും സെല്ലുകളിലെത്തിയതോടെയാണ് തങ്ങളുടെ ജീവിതം മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കുമെന്നു അവർ തിരിച്ചറിഞ്ഞത്. 

സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതികളെ കുളിപ്പിക്കാറുണ്ട്. എന്നാൽ നിർഭയ കേസിലെ പ്രതികൾ അതിനു വിസമ്മതിച്ചു. മരണത്തിന് തൊട്ടുമുമ്പ് നൽകിയ പ്രഭാത ഭക്ഷണവും ഇവർ കഴിച്ചില്ല. മുന്നുപേരും വസ്ത്രവും മാറ്റിയില്ല. അവസാന സമയം അടുത്തതോടെ തൻ്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് അധികുതരെ അറിയിക്കുകയായിരുന്നു. താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാർ സിങ് ഉന്നയിച്ച  ആവശ്യം. സെല്ലിലെ ഹനുമാൻ ചാലീസയുടെ പകർപ്പു കുടുംബാംഗങ്ങൾക്കു നൽകണമെന്നും അക്ഷയ് അഭ്യർഥിച്ചു.

വ്യാഴാഴ്ച രാത്രി റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികൾ എ‌ന്നിവ ഉൾപ്പെട്ട അത്താഴം പ്രതികളിൽ വിനയ് ശർമയും മുകേഷ് സിങ്ങും കഴിച്ചു. അതേസമയം വൈകിട്ടു ചായ കുടിച്ച ശേഷം അക്ഷയ് കുമാർ ഒന്നും കഴിച്ചില്ല. എന്നാൽ ഇവരിലൊരാൾ മറ്റൊരാളെ കാണണമെന്ന ആവശ്യം അനുവദിച്ചിരുന്നില്ല. പവൻ, അക്ഷയ്, വിനയ് എന്നിവർ ജയിലിൽ ജോലി ചെയ്തു സമ്പാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മുകേഷ് ജയി‌ലിൽ കഴിഞ്ഞ 7 വർഷവും ജോലി ചെയ്തിരുന്നില്ല.

കഴുമരത്തിലേക്കു പോകുന്നതിനു തൊട്ടു മുൻപു വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പ്രതികൾ എത്തപ്പെട്ടിരുന്നു. മതഗ്രന്ഥങ്ങളിൽ ഏന്തെങ്കിലും വായിക്കുകയോ പ്രാർഥിക്കുകയോ ചെയ്യാൻ ആഗ്രഹമുണ്ടോ എന്നു ജയിൽ അധികുതർ തിര‌ക്കിയെങ്കിലും നാലുപേരും ഇല്ല എന്നറിയിക്കുകയായിരുന്നു. പുലർച്ചേ നാലു മണിയോടെ ഇവരെ  വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. വധശിക്ഷ നട‌പ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കറുത്ത മുഖംമൂടിയും മറ്റും അധികൃതർ അണിയിച്ചു. 

കഴുമരം പ്രതികൾ കാണരുതെന്നു ചട്ടമുള്ളതുകൊണ്ടാണ് കറുത്ത തുണികൊണ്ട് ഇവരുടെ കണ്ണുകളെ മറയ്ക്കുന്നത്. അതിനു ശേഷം പൊലീസ് അകമ്പടിയോടെ ഇവരെ കഴുമരത്തിനു സമീപത്തേക്കു നടത്തി. 

പ്രതികളെ കഴുമരത്തിലേക്കു നട‌ത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചുവെന്നും അധികൃതർ പറയുന്നു. എന്നാൽ ജയിൽ അ‌ധികൃതർ ഇവരെ നിയന്ത്രിച്ചു നിർത്തുകയായിരുന്നു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യർഥിച്ചു. മുമ്പ് ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാൾ തളർന്നു വീണിരുന്നു. 

എന്നാൽ മുകേഷാവട്ടെ നിശ്ശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുൻപു മുകേഷ് ജയിൽ അധി‌കൃതരോടു മാ‌പ്പും പറഞ്ഞിരുന്നു. അങ്ങനെ അവസാന ആഗ്രഹമില്ലാതെ, വിൽപ്പത്രമില്ലാതെ, പ്രഭാതഭക്ഷണമില്ലാതെ, തലേന്നു ധരിച്ച വസ്ത്രം പോലും മാറാതെ നിർഭയ കേസ് പ്രതികൾ അനിവാര്യമായ വധശിക്ഷ ഏറ്റുവാങ്ങി.