‘മുദ്ര ശ്രദ്ധിക്കണം മിഷ്ടർ മുദ്ര’; നസ്രിയയുടെ ഇമോജി’ ചലഞ്ച് എന്തെന്നറിയാതെ ഫഹദ്

single-img
21 March 2020

ടിക് ടോക്കിൽ ഇപ്പോൾ വൈറലാകുന്നത് ഹാൻഡ് ഇമോജി ചലഞ്ചാണ്. കൊറോണ കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും സമയം പോകാനാണ് ഈ ചലഞ്ച്.ടിക് ടോക്കിൽ വൈറലായ ‘ഹാൻഡ് ഇമോജി’ ചലഞ്ചിൽ പങ്കെടുത്ത് നടിയും നിർമാതാവുമായ നസ്രിയ നസീം പങ്കു വച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ട്രെന്റ്. ഭർത്താവും അഭിനേതാവുമായ ഫഹദ് ഫാസിലിനൊപ്പമുള്ള ചലഞ്ച് വിഡിയോ താരം ഇൻസ്റ്റഗ്രാം പേജിലാണ് പങ്കു വച്ചിരിക്കുന്നത്.

ഒരു പാട്ടിന്റെ പശ്ചാത്തലത്തിൽ സ്ക്രീനിൽ തെളിയുന്ന ഹാൻഡ് ഇമോജികൾ അതുപോലെ അനുകരിക്കുന്നതാണ് ‘ഹാൻഡ് ഇമോജി ചലഞ്ച്’. കുഴപ്പിക്കുന്ന മുദ്രകളുള്ള ഈ ചലഞ്ച് അനായാസമായി ചെയ്യുകയാണ് നസ്രിയ. അതേസമയം, സ്ക്രീനിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാതെ സാകൂതം വീക്ഷിക്കുന്ന ഫഹദിനെയും വിഡിയോയിൽ കാണാം. ഫഹദിന്റെ അവസ്ഥയെ രസകരമായി അവതരിപ്പിക്കുന്ന അടിക്കുറിപ്പും നസ്രിയ വിഡിയോക്കൊപ്പം പങ്കുവച്ചു. “ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭർത്താവിനോട് വിശദീകരിക്കുന്ന ഞാൻ. (അദ്ദേഹത്തിന്റെ മുഖം നോക്കൂ) എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല,” കുസൃതി നിറയുന്ന ഇമോജികൾക്കൊപ്പം നസ്രിയ കുറിച്ചു.

‘ക്വാറന്റീൻ ചിൽ’ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് 19–ന്റെ സാമൂഹ്യവാപനം തടയുന്നതിനായി ഷൂട്ടും മറ്റു ഔദ്യോഗിക പരിപാടികളും റദ്ദാക്കി വീട്ടിൽ കഴിയുന്ന താരദമ്പതികളുടെ ക്യൂട്ട് വിഡിയോ ആരാധകർ ഏറ്റെടുത്തു. വിജയ് യേശുദാസ്, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ തുടങ്ങിയ താരങ്ങൾ നസ്രിയയുടെ വിഡിയോ ചലഞ്ചിന് കമന്റുകളുമായെത്തി. ഒരു മണിക്കൂറിനുള്ളിൽ രണ്ടരലക്ഷം പേരാണ് നസ്രിയയുടെയും ഫഹദിന്റെയും വിഡിയോ കണ്ടത്.