നിർഭയ കേസ് പ്രതികൾ തൂക്കിലേറിയതോടെ കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്ന 21 പേർ കടുത്ത മാനസിക സമ്മർദ്ദത്തിൽ

single-img
21 March 2020

രാജ്യം കാത്തിരുന്ന നിർഭയ കേസ് പ്രതികളുടെ വധശിക്ഷ, അതേ ശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന പ്രതികൾ കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന്  റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത്‌ കഴിയുന്നത്‌ 21 പേരാണ്. കഴിഞ്ഞ ദിവസം നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ മുതല്‍ സംസ്‌ഥാനത്ത്‌ വധശിക്ഷ കാത്ത്‌ കഴിയുന്നവരുടെ മാനസിക സംഘര്‍ഷം വര്‍ധിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. 

വധശിക്ഷ ലഭിച്ചവര്‍ കൂടുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്‌. 11 പേരാണ്‌ ഇവിടെയുണ്ടായിരുന്നത്‌. 2018 ല്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ ലഭിച്ച രണ്ടുപേര്‍ക്ക്‌ കൂടി എത്തിയതോടെ 13 വധശിക്ഷാ തടവുകാരായി. അപ്പീലുപോകുന്നതോടെ മേല്‍ക്കോടതികളില്‍നിന്ന്‌ വധശിക്ഷ ജീവപര്യന്തമാക്കി കിട്ടുമെന്ന കണക്കുകൂട്ടലിലാണ്‌ ഇവരില്‍ പലരും. 

വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നാലുപേര്‍ വീതമാണ്‌ വധശിക്ഷ കാത്ത്‌ കഴിയുന്നത്‌. ഒടുവില്‍ വധശിക്ഷ ലഭിച്ചത്‌ പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിനാണ്‌. ഇയാള്‍ വിയ്യൂര്‍ ജയിലിലാണ്‌. സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക്‌ വധശിക്ഷ ലഭിച്ചെങ്കിലും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. കേരളത്തില്‍ അവസാനം നടപ്പാക്കിയ വധശിക്ഷ 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്ന റിപ്പര്‍ ചന്ദ്രൻ്റേതാണ്‌. 15 പേരെ തലയ്‌ക്കടിച്ചു കൊന്ന കേസിലാണ്‌ റിപ്പറിന്‌ വധശിക്ഷ ലഭിച്ചത്‌. 

കുഞ്ഞുങ്ങളെ ദുര്‍മന്ത്രവാദത്തിനുവേണ്ടി കൊന്ന കേസിലെ പ്രതി അഴകേശനെ 1971 ല്‍ പുജപ്പുര ജയിലിൽ തൂക്കിക്കൊന്നു. അതിനുശേഷം പൂജപ്പുരയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. 

അതേസമയം ജയിലുകളില്‍നിന്ന്‌ ലഭിക്കുന്ന കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ കഴിയുന്നുണ്ട്‌. ഹേതല്‍ പരേഖ്‌ എന്ന 14 കാരിയെ 1990-ല്‍ കൊല്‍ക്കത്തയില്‍ വച്ച്‌ ബലാത്സംഗം ചെയ്‌ത ശേഷം കൊന്ന കേസിലെ പ്രതി ധനന്‍ജോയ്‌ ചാറ്റര്‍ജിയെ 2004 തൂക്കിലേറ്റി. 1995-നു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്‌.

2008ലെ മുംബൈ ആക്രമണപരമ്പരയില്‍ പങ്കാളിയായ അജ്‌മല്‍ കസബിനെ 2012 നവംബര്‍ 21ന്‌ രാവിലെ പുനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി. 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ്‌ അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9 ന്‌ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. 2015 ജൂലായ്‌ 30 ന്‌ നാഗ്‌പുര്‍ സെന്‍ട്രല്‍ ജയിലില്‍ 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ്‌ മേമനെ തൂക്കിലേറ്റി.