‘കേരള മോഡല്‍ രാജ്യം ഏറ്റെടുക്കണം’; സംസ്ഥാനത്തിന് പ്രശംസയുമായി ഗുജറാത്ത് പത്രം

single-img
21 March 2020

തിരുവനന്തപുരം: കൊറോണ ഭീതിയിൽ ലോകരാജ്യങ്ങളും ഇന്ത്യയും വിറങ്ങലിച്ചു നിൽക്കുമ്പോൾ കേരളത്തിലെ ആരോ​ഗ്യമേഖലയിലെ സമ​ഗ്ര പ്രവർത്ത്നങ്ങൾക്ക് പ്രശംസകൾ അറിയിക്കുന്നവർ നിരവധിയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ആരോ​ഗ്യ മേഖലാ പ്രവർത്തനങ്ങളെ ചൂണ്ടികാണിച്ചിരുന്നു. ഇപ്പോഴിതാ കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്ന കാര്യത്തില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് നരേന്ദ്രമോദിയുടെ ​ഗുജറാത്തിൽ നിന്നുള്ള ഒരു പത്രം. അഹമ്മദാബാദില്‍ നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രമായ അഹമ്മദാബാദ് മിറര്‍ ആണ് കേരള മോഡലിനെ രാജ്യം ഏറ്റെടുക്കണെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് 19 ലോകമാകെയും രാജ്യത്തും പടര്‍ത്തുന്ന ആശങ്കകളെ കുറിച്ചാണ് എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത്.

Support Evartha to Save Independent journalism

ഇന്ത്യ, കേരളത്തെ പകര്‍ത്തൂ എന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. അതില്‍ കേരളം സ്വീകരിച്ച മാര്‍ഗങ്ങള്‍ രാജ്യത്തിന് മാതൃകയാക്കാമെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിലാണ് അതിജീവനത്തിന്റെ സാമ്പത്തിക പാക്കേജ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും.

കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരാണ്. ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കും. അതിനായി നൂറ് കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഒപ്പം 20 രൂപക്ക് ഭക്ഷണം നല്‍കാന്‍ ഹോട്ടലുകളും തുടങ്ങും. സെപ്റ്റംബറില്‍ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ സാഹചര്യത്തില്‍ ഏപ്രിലില്‍ തന്നെ തുറക്കാനാണ് തീരുമാനം.

ഹെല്‍ത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തുകയാണ്. അതിനൊപ്പം വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശികകള്‍ ഏപ്രിലില്‍ തന്നെ കൊടുത്ത് തീര്‍ക്കും. ഓട്ടോ, ടാക്സിക്കാരുടെ നികുതിയില്‍ ആലോചന നടത്തുമെന്നും അവര്‍ക്കുള്ള ഫിറ്റ്നെസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീയറ്ററുകള്‍ക്കുള്ള വിനോദ നികുതിയിലും ഇളവ് നല്‍കും. കൊവിഡ് 19 വ്യാപനം തടയാന്‍ സൈന്യ, അര്‍ദ്ധസൈന്യ വിഭാഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയന്‍ അറിയിച്ചു.