കാസര്‍കോട്ടെ കൊറോണ രോഗി സ്വര്‍ണ കള്ളക്കടത്തിലെ കണ്ണി!; യാത്രകളിൽ ദുരൂഹത, ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

single-img
21 March 2020

കോഴിക്കോട്: കോവിഡ് ബാധിച്ച് നാടുചുറ്റി രോഗ വാഹകനായ കാസര്‍കോട് കുഡ്ലു സ്വദേശിയുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.

അതേ സമയം ഇയ്യാളുടെ പാസ്പോര്‍ട്ട് കസ്റ്റംസിന്റെ കയ്യില്ലാണെന്ന് വിവരം . വിദേശത്ത് നിന്നും ചെറുകിട സാധനങ്ങള്‍ സ്ഥിരമായി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ് ഇയാളെന്നും ഡ്യൂട്ടിയടക്കാത്തതിന്റെ പേരില്‍ പാസ്പോര്‍ട്ട് പിടിച്ച് വെച്ചുമെന്നുമാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിവരം.

എന്നാൽ ആറ് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കാസര്‍കോട് കനത്ത ജാഗ്രത തുടരുകയാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. ഇതിനിടെ കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുപരിപാടികളിലും ചടങ്ങിലും സംബന്ധിച്ചതിനാണ് കേസ്. രോഗി കണ്ണൂരിലുമെത്തിയെന്ന വിവരവും പുറത്തുവന്നു. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 20പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.