ചിരിക്കാൻ മറന്ന ഇന്ത്യ: ലോക സന്തോഷ സൂചികയിൽ വീണ്ടും പിന്നാക്കം പോയി രാജ്യം

single-img
21 March 2020

ന്യൂഡൽഹി: 2020-ലെ ആഗോള സന്തോഷ സൂചിക ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ചു. ഇക്കുറിയും സ്ഥാനം മെച്ചപ്പെടുത്താതെ 4 സ്ഥാനം പിന്നാക്കം പോയി 144 ലാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ വര്‍ഷം 140-ാം സ്ഥാനത്തായിരുന്നു. 156 രാജ്യങ്ങളുടെ പട്ടികയിലാണ് 140-ാം സ്ഥാനം കെെവരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇന്ത്യ ചിരിക്കാൻ മറന്നു തുടങ്ങിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കുന്നത്.പാകിസ്താനും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ മുപ്പതില്‍ ഇടം നേടിയപ്പോഴാണ് ഇന്ത്യയുടെ സ്ഥാനം 144 ൽ വന്ന് നിൽക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫിന്‍ലന്‍ഡ് തന്നെയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. അഫ്ഗാനിസ്താനാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഹാപ്പിനസ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ലോക ജനതയുടെ സന്തോഷത്തെക്കുറിച്ചുള്ള എട്ടാമത് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.

കേവലം വൈകാരിക പ്രകടനമെന്ന നിലയ്ക്കല്ല സന്തോഷത്തെ റിപ്പോര്‍ട്ടില്‍ വ്യാഖ്യാനിക്കുന്നത്. വ്യക്തിക്ക് ജീവിതസാഹചര്യത്തില്‍ മൊത്തത്തിലുള്ള സംതൃപ്തി, സ്വന്തം ചുറ്റുപാടില്‍ അതിജീവിക്കാനുള്ള ആത്മവിശ്വാസം, പരസ്പര സഹകരണം എന്നിവയാണ് സന്തോഷം എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നതെന്ന് ഹാപ്പിനസ് റിപ്പോര്‍ട്ട് എഡിറ്റര്‍ ജോണ്‍ എച്ച്. ഹെല്ലിവെല്‍ പറയുന്നു. ജിഡിപി, സാമൂഹിക ക്ഷേമം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവ മുന്‍നിര്‍ത്തി 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് കണക്കെടുപ്പ നടത്തുന്നത്.ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ വരാറുള്ളത്. സംതൃപ്തിയുടെ ആറ് മേഖലകളില്‍ – വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഉദാരത എന്നിവയില്‍ ഈ രാജ്യങ്ങള്‍ മികച്ച രീതിയിലാണ് സ്‌കോര്‍ ചെയ്യുന്നത്.

ജനങ്ങളുടെ സ്‌ന്തോഷത്തിന്റെ കാര്യത്തില്‍ എല്ലാ അയല്‍രാജ്യങ്ങളേക്കാളും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം.15-ാം സ്ഥാനത്ത് നേപ്പാളും 29-ാം സ്ഥാനത്ത് പാകിസ്താനും 107-ാം സ്ഥാനത്ത് ബംഗ്ലാദേശും 130-ാം സ്ഥാനത്ത് ശ്രീലങ്കയും സ്ഥാനം പിടിച്ചു.സന്തോഷ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പരസ്പര വിശ്വാസം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് രചിച്ച ഗ്രന്ഥ കര്‍ത്താക്കളില്‍ ഒരാളായ ജോണ്‍ ഹെല്ലിവെല്‍ അറിയിച്ചു.