അന്ന് ചെെനയിലെ ആ മാർക്കറ്റിൽ നിന്നും പടർന്ന വെെറസ് ഇന്ന് ലോകം ഭരിക്കുമ്പോൾ: അതു തിരിച്ചറിഞ്ഞ ഡോക്ടർക്ക് നൽകേണ്ടിവന്നത് സ്വന്തം ജീവനും

single-img
21 March 2020

ഒരു ചെറിയ അശ്രദ്ധമതി വലിയ ദുരന്തമുണ്ടാകാൻ എന്ന് പറയുന്നത് ചെെനയെ സംബന്ധിച്ച് വലിയൊരു പാഠമാണ്. കൊറോണ ലോകത്തേക്ക് എത്തിയത് ചെെന വഴിയാണെന്നുള്ളതും ഇതിന് ചെെന നൽകേണ്ടി വന്നത് വലിയ വിലയാണെന്നും ഏവർക്കുമറിയാം. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്‌തപ്പോൾ തന്നെ 34കാരനായ ലീ വെൻലിയാങ് എന്ന ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധികൃതർ അത് ചെവിക്കൊണ്ടില്ല. അതിനു പകരമായി ചെെനയ്ക്ക് നൽകേണ്ടിവന്നത് ആയിരക്കണക്കിന് ജീവനുകളാണ്. 

Support Evartha to Save Independent journalism

ഫലപ്രദമായ മരുന്ന് കണ്ടെത്താത്തതിനാൽ വൈറസിനെ വരുതിയിലാക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ഒടുവിൽ അന്നൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ലോകം മുഴുവൻ രോഗം വ്യാപിക്കില്ലായിരുന്നെന്നും, ഡോക്ടറായിരുന്നു ശരിയെന്നും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോൾ. ലീ വെൻലിയാങ്ങിന്റെ കുടുംബത്തോട് അധികൃതർ മാപ്പ് പറയുകയും ചെയ്തു. ലീയുടെ കുടുംബത്തിന് “മാപ്പപേക്ഷ” നൽകിയിട്ടുണ്ടെന്നും,​ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

രോഗം വന്ന വഴി

കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്നു ലീ വെൻലിയാങ്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുൻകൂട്ടി കണ്ട അദ്ദേഹം ഇക്കാര്യം സുഹൃത്തുക്കളായ ഡോക്ടർമാരുമായി ഡിസംബർ 30ന് മുമ്പ് തന്നെ പങ്കുവെച്ചിരുന്നു. ലോകത്തെ പിടിച്ചു കുലുക്കിയ സാർസ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ തൻ്റെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്നും അവർ എല്ലാവരും ഒരേ മാർക്കറ്റിൽനിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. 

ഈ വിവരം അധികൃതരെ അറിയിക്കണമെന്നാണ് ഡോക്ടർ മറ്റു ഡോക്ടർമാരോട് ആവശ്യപ്പെട്ടത്. ലീയുടെ ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചൈനീസ് സർക്കാർ ചെയ്തതാണ് രസകരം. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ജനുവരി മൂന്നിന് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു. യാതൊരുവിധ മുൻകരുതൽ എടുത്തതുമില്ല. 

നിയമനടപടികൾ ഉണ്ടായതോടെ തനിക്ക് തെറ്റുപറ്റിയെന്നും, ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും ഡോക്ടർ സത്യവാങ്മൂലം നല്‍കി. അതോടെ അധികൃതർ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അതിൻ്റെ അനന്തരഫലം വളരെ വലുതായിരുന്നു. 

വരും ദിനങ.ങളിൽ  ദിവസങ്ങൾ ഡോക്ടറുടെ മുന്നറിയിപ്പ് സത്യമാകുന്നതിനാണ് ലോകം മുഴുവൻ കണ്ടത്. അന്ന് വന്ന രോഗികളെ ചികിത്സിച്ച ലീ വെൻലിയാങ് ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ രോഗം ബാധിച്ച് മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് ലോകം മുഴുവൻ വൈറസ് പടർന്നു. ഇറ്റലിയിലും ഇറാനിലും ആയിരങ്ങൾ മരണപ്പെട്ടു. ലോകം തടവറയ്ക്കുള്ളിലേക്ക് ഒതുങ്ങി. 

ആദ്യം കണ്ടെത്തിയ രോഗികൾ ഒരേ മാർക്കറ്റിൽനിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്ന ലീയുടെ വെളിപ്പെടുത്തൽ ചെെനീസ് സർക്കാർ ചെവിക്കൊണ്ടിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ന് ലോകം ഇത്രത്തോളം പ്രതിരോധത്തിലാവില്ലായിരുന്നു. ആ മാംസക്കടയിൽ നിന്നും പടർന്ന വെെറസ് ഇന്ന് ലോകമൊട്ടാകെ ഭീതിയും പടർത്തില്ലായിരുന്നു.