കേരളത്തില്‍ ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ മാത്രം ആറു പേര്‍

single-img
21 March 2020

കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേർ വീതം കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരും ആറ് പേർ കാസർകോട് ജില്ലയിൽ നിന്നുമാണ്. ഇവർ എല്ലാവരും ഗൾഫിൽ നിന്നു വന്നവരാണ്. ഇതോടുകൂടി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി വർദ്ധിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

സമൂഹത്തിൽ ഒരു വിഭാഗം സർക്കാർ നിർദ്ദേശിക്കുന്ന നിയന്ത്രണം പാലിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചില ആരാധനാലയങ്ങളിൽആൾക്കൂട്ടം എത്തുന്നു. അത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ വേണ്ടി വരും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

സംസ്ഥാനത്താകെ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 52785 പേർ വീടുകളിലാണ്. ബാക്കിയുള്ള 228 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം കേരളത്തിൽ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇവയിൽ 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്.

കണ്ണൂർ ജില്ലയിലെ രോഗികളിൽ രണ്ട് പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ രോഗികളിൽ മൂന്ന് പേരും എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.