സ്ഥിതിഗതികൾ ഗുരുതരമാണ്: ചെന്നെയിൽ കൊറോണ രോഗികളുമായി ഇടപഴകാത്ത യുവാവിന് രോഗബാധ

single-img
20 March 2020

ചെന്നെെയിൽ കൊറോണ രോഗം സ്ഥിരീകരിച്ച യുവാവ് മറ്റു കൊറോണ രോഗികളുമായി ഇടപഴകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ കൊറോണ ബാധിതരിൽ നിന്നും രോഗം പടർന്ന സംഭവങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനു വിരുദ്ധമായി രോഗികളുമായി ഇടപഴകുകയോ അവരുമായി സന്ദർശനം നടത്തുകയോ ചെയ്യാത്ത വ്യക്തിക്ക് രോഗം കണ്ടെത്തുന്നത് ആദ്യമാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 

ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസിൽ കഴിഞ്ഞ 12നാണ് ഇദ്ദേഹം ചെന്നെെയിൽ എത്തിയത്. ഇതോടെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് 168 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിൽ 49 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. ദിനംപരതി ഉയർന്നു വരുന്ന രോഗബാധിതരുടെ എണ്ണത്തിൽ കടുത്ത ആശങ്കയാണ് മഹാരാഷ്ട്ര സർക്കാർ രേഖപ്പെടുത്തുന്നത്. 

ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. വിദേശത്തുള്ള രണ്ട് മലയാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഒമാനിലെ സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അന്‍പത്തിമൂന്നുകാരനും രോഗം സ്ഥിരീകരിച്ചു. 

കോവിഡ് ബാധിച്ച് ലോകത്ത് മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നു. ലോകത്താകെ രണ്ടര ലക്ഷത്തിലേറെ പേര്‍ രോഗബാധിതരാണ്.