ആരാച്ചാരായ പവന്‍ ജല്ലാദും നാലുപേരും: നിർഭയയ്ക്ക് നീതിനടപ്പാക്കിയവർ ഇവർ

single-img
20 March 2020

രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ ഇന്ന് പുലർച്ചെ 5.30ന് തീഹാർ ജയിലിൽ തൂക്കിലേറ്റി. അക്ഷയ്​ കുമാർ സിംഗ് (31), പവൻ ഗുപ്​ത (25), വിനയ്​ ശർമ (26), മുകേഷ്​ സിംഗ്(32) എന്നിവരെയാണ് തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയതോടെ ഏഴു വർഷവും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് ഒടുവിൽ അന്ത്യമായിരിക്കുന്നത്. പ്രതികളെ കൃത്യ സമയത്തുതന്നെയാണ് തൂക്കിലേറ്റിയെന്ന് ജയിൽ അധികൃതർ അറിയിക്കുകയായിരുന്നു.  

പുലര്‍ച്ചെ 4.45-ഓടെ പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി.ആരാച്ചാരായ പവന്‍ ജല്ലാദിനെ സഹായിക്കാന്‍ നാല് പേരെ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ ഒരുമി പ്രതികളുടെ കഴുത്തില്‍ ഒരുമിച്ച് തൂക്കുകയര്‍ അണിയിക്കുകയായിരുന്നു. കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 അഞ്ചരയ്ക്ക് ഒരുമിച്ച് തൂക്കിലേറ്റിയ നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നതായും ജയിൽ അധികൃതർ അറിയിച്ചു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. മൃതദേഹങ്ങള്‍ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടേയും ബന്ധുക്കള്‍ ജയില്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.