ഒരുലക്ഷം രൂപയും കയറുമായി ആരാച്ചാർ പവന്‍ ജല്ലാദ് സ്വദേശത്തേക്ക്: യാത്ര കനത്ത സുരക്ഷയിൽ

single-img
20 March 2020

നിര്‍ഭയ   കൂട്ടബലാത്സംഗ കൊലപാതകേസിലെ പ്രതികളായ  മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരെ പുലര്‍ച്ചെ 5.30 നാണ് വധിച്ചത്. നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്.. 55 കാരനായ യുപി സ്വദേശി പവന്‍ ജല്ലാദാണ് ഇവരെ തൂക്കിലേറ്റിയത്. 

വധശിക്ഷയ്ക്കു ശേഷം ആരാച്ചാർ പവന്‍ ജല്ലാദ് പ്രതികരിച്ചു: എന്റെ ജീവിതത്തില്‍ ആദ്യമായി നാലുകുറ്റവാളികളെ വധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ വളരെക്കാലമായി കാത്തിരിക്കുയായിരുന്നു. ഈ കുറ്റവാളികളെ വധിക്കാന്‍ അവസരം തന്ന തീഹാര്‍ ജയില്‍ അധികൃതര്‍ക്കും ദൈവത്തിനും നന്ദി. 

വധശിക്ഷയ്ക്ക് ശേഷം കനത്ത സുരക്ഷയോടെയാണ് ജല്ലാദിനെ സ്വദേശമായ മീററ്റിലേക്ക് കൊണ്ടുപോയത്. ഡ്യൂട്ടി നിര്‍വഹിച്ചതിന് ഒരുലക്ഷം രൂപ പവന് ലഭിക്കും. ഒരാള്‍ക്ക് 25,000 വീതം എന്നനിലയില്‍ നാലുപ്രതികളെ വധിച്ചതിന് ഒരുലക്ഷം രൂപയാണ് വേതനമായി ലഭിക്കുന്നത്. മാത്രമല്ല തുക്കിക്കൊലയ്ക്ക് ഉപയോഗിച്ച കയറും ഇനി ആരാച്ചാർക്ക് സ്വന്തമാണ്. 

തിഹാറില്‍ സ്വന്തമായി ആരാച്ചാര്‍ ഇല്ല. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരുടെ സേവനം ആവശ്യപ്പെട്ടു യുപി ജയില്‍ വകുപ്പിന് കത്തയച്ചിരുന്നു. ജല്ലാദ് എന്നാല്‍ ഹിന്ദിയില്‍ ആരാച്ചാര്‍. ശിക്ഷനടപ്പാക്കാന്‍ ജനിക്കുന്നവര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജല്ലാദുമാര്‍.പാരമ്പര്യമായി ഈ തൊഴില്‍ ചെയ്യുന്ന കുടുംബമായതിനാല്‍ പവന്‍, പവന്‍ ജല്ലാദായി. 

ജനുവരി 30 നു പവന്‍ തിഹാറില്‍ എത്തി. 31 നു തൂക്കിലേറ്റുന്നതിൻ്റെ ഡമ്മി പരീക്ഷണവും നടത്തി. കോടതി രണ്ടാമത് പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം തൂക്കിലേറ്റേണ്ടത് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി ഒന്നിനായിരുന്നു. അതിനിടയിലാണ് മരണ വാറണ്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.