രാത്രി ഉറങ്ങിയില്ല, പുലർച്ചേ കുളിയും ചായകുടിയും ഒഴിവാക്കി: നിർഭയയുടെ കൊലപാതകികൾ കഴുമരത്തെ സമീപിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തിൽ

single-img
20 March 2020

നിർഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ് തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലെ കഴുമരത്തില്‍ ഒരേ സമയത്താണ് നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്. നാലുകുറ്റവാളികളും രാത്രിയില്‍ ഉറങ്ങിയിരുന്നില്ലെന്നും സമ്മര്‍ദ്ദത്തിലായിരുന്നെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കുളിക്കാനോ ചായ കുടിക്കാനോ അവര്‍  തയ്യാറായില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മൂന്നുതവണ പ്രതികളുടെ മരണ ശിക്ഷ മാറ്റിവച്ചിരുന്നു. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കിയിരുന്നു. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു. 

 2012 ല്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തില്‍ ആറു പ്രതികളാണ് പിടിയിലായത്. ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ മൂന്നു വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചിതനായി. മറ്റു നാലു പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.