വിമാനമിറങ്ങണം, വിവാഹമോചിതയാകണം, തിരിച്ചു പോണം, കൊറോണയൊന്നും പ്രശ്നമല്ല: വിവാഹബന്ധം വേര്‍പ്പെടുത്താൻ വിദേശത്തുനിന്നും നേരേ കോടതിയിലെത്തിയ യുവതിയെ ജഡ്ജി ഇറക്കിവിട്ടു

single-img
20 March 2020

കുടുംബക്കോടതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി വിദേശത്തുനിന്നെത്തിയ മുണ്ടക്കയം സ്വദേശിയായ യുവതിയെ കുടുംബക്കോടതി ജഡ്ജി കോടതിയില്‍ നിന്നും പുറത്താക്കി.  വിദേശത്തുനിന്നും എത്തിയതാണെന്നും ഉടനെ തിരിച്ചുപോകേണ്ടതിനാല്‍ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് യുവതിയും അഭിഭാഷകനും കോടതിയിലെത്തിയത്. 

എന്നാൽ വിദേശത്തു നിന്നെത്തിയിട്ടും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിരീക്ഷണത്തില്‍ കഴിയാതെ കോടതിയില്‍ എത്തിയതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്.

വിവരങ്ങൾ അറിഞ്ഞ ജഡ്ജി ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി ഇവരോടു കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചാണു പറഞ്ഞു വിട്ടത്. 

ഇവര്‍ പിന്നീട് ആശുപത്രിയില്‍ എത്തിയതായി വിവരം ലഭിച്ചുവെന്നു പൊലീസ് ജഡ്ജിയെ അറിയിച്ചു.