´അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്നുള്ള നിർദ്ദേശം മോദിക്കും ബാധകമാകുമല്ലോ? എന്തൊരു പ്രഹസനമാണ് ജീ´

single-img
20 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഎം നേതാവ് എംബി രാജേഷ്. ലോകമഹായുദ്ധത്തേക്കാള്‍ ഗുരുതരമാണെന്നാണ് മോദി പറയുന്നത്. എന്നാല്‍ ലോകയുദ്ധസമാനമായ സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നോക്കു.കര്‍ഫ്യൂ. രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ?- രാജേഷ് ചോദിക്കുന്നു. 

വൈറസ് ഇരുട്ടായാല്‍ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നതെന്നും  രാജേഷ് ചോദിച്ചു. പിന്നെ പാത്രം കൂട്ടിമുട്ടിക്കല്‍. അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്നുള്ളത് മോദിക്കും ബാധകമാവുമല്ലോ എന്നും എംബി രാജേഷ് പറഞ്ഞു. എന്തൊരു പ്രഹസനമാണ് മോദി ജീ ഇതെന്ന് രാജേഷ് ഫേസ്ബുക്കിലൂടെ ചോദിച്ചു. 

ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും നാം കണ്ടു.മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക പാക്കേജ് .പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കര്‍ഫ്യൂ.രാഷ്ട്രീയ പക്ഷപാതിത്വമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം വസ്തുനിഷ്ഠമായ ഒരു താരതമ്യം സാദ്ധ്യമാണിപ്പോള്‍. മുഖ്യമന്ത്രിയുടെ പാക്കേജ് ഇരുപതിനായിരം കോടി രൂപയുടെ. കൊറോണ സൃഷ്ടിച്ച ഗുരുതര സാഹചര്യം നേരിടാന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു. ആരോഗ്യപാക്കേജും ഇളവുകളും ആശ്വാസ നടപടികളുമെല്ലാമുണ്ട് അതില്‍. എല്ലാ വിഭാഗം ആളുകള്‍ക്കും.

ലോകമഹായുദ്ധത്തേക്കാള്‍ ഗുരുതരമാണ് സാഹചര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകയുദ്ധസമാനമായ സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നോക്കു.കര്‍ഫ്യൂ. രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ? വൈറസ് ഇരുട്ടായാല്‍ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്?

പിന്നെ പാത്രം കൂട്ടിമുട്ടിക്കല്‍. അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?

പക്ഷേ ഓര്‍ക്കുക. ഇന്നലെയാണ് ഇതേ മോദി ഗവണ്‍മെന്റ് തങ്ങള്‍ക്ക് വേണ്ടപ്പെട്ട കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ കേന്ദ്ര സര്‍ക്കാരിന് സ്‌പെക്ട്രം യൂസര്‍ചാര്‍ജ്, ലൈസന്‍സ് ഫീസിനങ്ങളില്‍ നല്‍കാനുള്ള കുടിശ്ശികയുടെ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചത്.മുതല്‍ തിരിച്ചടക്കാന്‍ 20 വര്‍ഷം സാവകാശം കൊടുക്കണമെന്നും! സുപ്രീം കോടതി അനുവദിച്ചില്ല. ഇന്നത്തെ എല്ലാ പത്രങ്ങളിലും ഈ വാര്‍ത്തയുണ്ട്. കൊറോണ മൂലം ഉപജീവന മാര്‍ഗ്ഗം മുട്ടിയവരുടെ ദുരിതം കാണാത്ത മോദി വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കണ്ണീര് കാണും.അവര്‍ക്ക് പാത്രം നിറയെ. ബാക്കിയുള്ളവര്‍ ഒഴിഞ്ഞ പാത്രം കൂട്ടിമുട്ടിച്ച് കലമ്പിക്കോളാന്‍. കൊറോണ പിടിച്ചാല്‍ വെയിലു കൊണ്ടോളാന്‍. എന്നിട്ടും മാറിയില്ലെങ്കില്‍ ഗോമൂത്രം കുടിച്ചോളാന്‍. തൊട്ടുകൂട്ടാന്‍ മോദിയുടെ പ്രസംഗങ്ങള്‍ കൊടുക്കുമത്രേ. അതോടെ രോഗിയുടെ കാര്യം തീരുമാനമാവും.

വരൂ ഭക്തരേ.. ഇരുപതിനായിരം കോടിയുടെ പാക്കേജിനെ തെറി വിളിക്കാനും കര്‍ഫ്യൂവിനെ ന്യായീകരിക്കാനും വരിവരിയായി വരൂ.