യൂട്യൂബ് വീഡിയോയില്‍ നോക്കി കാമുകിയുടെ പ്രസവമെടുത്തു; കുഞ്ഞിൻ്റെ കെെവേർപെട്ടു, കാമുകി ഗുരുതരാവസ്ഥയിലായി: കാമുകൻ പിടിയിൽ

single-img
20 March 2020

യൂട്യൂബ് വീഡിയോയില്‍ നോക്കി കാമുകിയുടെ പ്രസവമെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപ്പുണ്ടിക്കടുത്തുള്ള യുവതിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏഴു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന് കാമുകൻ പ്രസവമെടുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. 

രണ്ടുവര്‍ഷത്തോളമായി എല്‍പിജി സിലിണ്ടര്‍ വിതരണക്കാരനായ 27കാരനായ സൗന്ദറും കൊളേജ് വിദ്യാർത്ഥിനിയായ 19കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു.ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയി. വീട്ടില്‍ അറിയിക്കാനുള്ള ഭയം മൂലം ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു. ഏഴു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന് സൗന്ദറിനെ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍, ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ അടുത്തുള്ള തോട്ടത്തില്‍ എത്തിച്ച് യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുക്കാന്‍ ശ്രമിച്ചതാണ് വിനയായത്. 

ബലം പ്രയോഗിച്ച് കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ കൈ ശരീരത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഭയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ 25 കിലോമീറ്റര്‍ അകലെയുള്ള പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. 

ആശുപത്രിയിലേക്ക് ബൈക്കിലാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്ക്് ശേഷം റോയപുരം ആര്‍എസ്ആര്‍എം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ചാണ് കുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്. എന്നാല്‍, പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സൗന്ദറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെയും ഇരുവരുടെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്തു. ഹിന്ദി ചിത്രമായ ത്രീ ഇഡിയറ്റ്‌സില്‍ ഇത്തരത്തില്‍ മുന്‍പരിചയമില്ലാത്ത നായകന്‍ നായികയുടെ നിര്‍ദ്ദേശാനുസരണം വീഡിയോകോള്‍ സംവിധാനത്തിലൂടെ പ്രസവമെടുക്കുന്ന ഒരു രംഗമുണ്ട്. ഇതിൻ്റെ തമിഴ് പതിപ്പായ നൻപൻ എന്ന ചിത്രം കണ്ടാണ് താൻ പ്രസവമെടുക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു.