കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തിക്കണമെന്ന് ഹര്‍ജി; 50000 രൂപ പിഴയിട്ട് ഹൈക്കോടതി

single-img
20 March 2020

കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കണമെന്ന് ഹര്‍ജി. ആലുവസ്വദേശി ജി ജ്യോതിഷാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചത്.

ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.വിഷയം അടിയന്തര പ്രാധാന്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

വൈറസ് പടരുന്ന സാഹചര്യത്തില്‍ പുറത്തുപോയി മദ്യം വാങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ ഓണ്‍ലൈന്‍വഴി മദ്യ വില്‍പ്പന നടത്തണമെന്നും ആവശ്യപ്പെട്ട ജ്യോതിഷിന് വന്‍തുക പിഴയിട്ടാണ് ഹൈക്കോടതി മറുപടി കൊടുത്തത്.50000 രൂപയാണ് കോടതി പിഴചുമത്തിയത്.

ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും ഇവര്‍ മനസിലാക്കുന്നില്ല.ഇത് വേദനാജനകമാണെന്ന് കോടതി വിലയിരുത്തി.