ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ സഹായം പ്രഖ്യാപിക്കണം: എം സ്വരാജ് എംഎല്‍എ

single-img
20 March 2020

കഴിഞ്ഞ ദിവസം രാത്രി 8 മണിയ്ക്ക് ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല എന്ന് എം സ്വരാജ് എംഎല്‍ എ. ഒരു ഞായറാഴ്ച വീട്ടിലിരിയ്ക്കണമെന്നും വൈകിട്ട് അഞ്ചു മണിയ്ക്ക് പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും നിശ്ചിത അകലം പാലിയ്ക്കാനും ഹാൻ്റ്സാനിറ്റൈസർ ഉപയോഗിക്കാനുമൊക്കെ ജനങ്ങൾ ശീലിച്ചു തുടങ്ങി . അത് തുടരാനും ജാഗ്രത പാലിയ്ക്കാനും ആര് ആഹ്വാനം ചെയ്താലും തെറ്റല്ല. എന്നാൽ ഈ സവിശേഷ സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് മാത്രം പ്രഖ്യാപിയ്ക്കാവുന്ന പലതുമുണ്ട് എന്ന് സ്വരാജ് ഓർമ്മപ്പെടുത്തുന്നു.

കൊറോണ ഭീഷണി നേരിടാനുള്ള ജനങ്ങളുടെ മഹാ പരിശ്രമങ്ങളെ കേന്ദ്ര സർക്കാർ എങ്ങനെയൊക്കെ പിന്തുണയ്ക്കുമെന്നാണ് ന്യായമായും പ്രധാനമന്ത്രി പറയേണ്ടത്. അതിന് പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുണ്ട് എന്ന് പറഞ്ഞ സ്വരാജ് ചില ചോദ്യങ്ങളും പ്രധാനമന്ത്രിയോട് ചോദിക്കുന്നു. ഈ മഹാമാരിയെ നേരിടാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് എത്ര തുക നൽകും ?

തൊഴിലുറപ്പു തൊഴിലാളികളുടെ ചെയ്ത ജോലിയുടെ കൂലി ഈ പട്ടിണിക്കാലത്തെങ്കിലും കൊടുത്തു തീർക്കുമോ ?

കേന്ദ്ര സർക്കാരിൻ്റെ ചിലവിൽ ഓരോ സംസ്ഥാനത്തും അടിയന്തിരമായി എത്ര കൊറോണ ലാബുകൾ ആരംഭിയ്ക്കും ?

ജോലിയ്ക്കു പോകാനാവാതെ വിഷമിയ്ക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങളും മറ്റത്യാവശ്യ സാധനങ്ങളും എത്ര ആഴ്ച്ചത്തേയ്ക്ക് സൗജന്യമായി നൽകും ?

രാജ്യമെമ്പാടുമുള്ള FCI ഗോഡൗണുകളിൽ കെട്ടിക്കിടന്നു ചീഞ്ഞഴുകി പോകുന്ന അരിയെങ്കിലും കേടാവുന്നതിന് മുമ്പ് സൗജന്യ വിതരണം ചെയ്യുമോ ?

ഹാൻ്റ് സാനിറ്റൈസറും, മാസ്കും ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കുന്നതിന് എത്ര തുക നീക്കിവെയ്ക്കും ?

മാരക വൈറസുകളുടെ വ്യാപനത്തെ സംബന്ധിച്ചും മറ്റുമുള്ള പഠന ഗവേഷണങ്ങൾക്ക് എന്തു നടപടി ഭാവിയിൽ സ്വീകരിയ്ക്കും ?

ഇങ്ങിനെ നീളുകയാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങൾ. എം സ്വരാജ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ചുവടെ:

ഇത് 'പ്രധാനമന്ത്രിയുടെ ' പ്രസംഗമല്ല.എം. സ്വരാജ് .ഇന്നലെ രാത്രി 8 മണിയ്ക്ക് ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ…

Posted by M Swaraj on Friday, March 20, 2020