അമേരിക്കൻ സംസ്ഥാനമായ കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍; ജനസംഖ്യ കേരളത്തിലേതിനേക്കാൾ കൂടുതൽ

single-img
20 March 2020

കേരളത്തേക്കാൾ ജനസംഖ്യയുള്ളതും അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനവുമായ കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ജനങ്ങള്‍ ആരും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടു.

കഴിഞ്ഞ ഒരു ദിവസം മാത്രം 126 പുതിയ കോവിഡ് 19 കേസുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. ഇത് മുന്‍ ദിവസത്തേക്കാള്‍ 21ശതമാനത്തിന്റെ കൂടുതലുമാണ്. ഇതിനെല്ലാം പുറമെ എല്ലാ നാല് ദിവസം കൂടും തോറും കാലിഫോര്‍ണിയയുടെ പലഭാഗങ്ങളിലും നാലിരട്ടിയോളം കൊറോണ രോഗം പകരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി.

ഇപ്പോഴുള്ള രീതിയിൽ ഇനിയും രോഗം പകരുകയാണെങ്കില്‍ അടുത്ത എട്ട് ആഴ്ച്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു സാഹചര്യം ഒഴിവാക്കാനാണ് കാലിഫോര്‍ണിയ ഇപ്പോൾ ഇങ്ങിനെ കടുത്ത നടപടിയെടുത്തിരിക്കുന്നത്.