പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി; കെഎസ്ആർടിസി ,മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും

single-img
20 March 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ജനതാ കർഫ്യൂവുമായി സംസ്ഥാന സർക്കാർ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസർക്കാർ ഈ വിഷയം ഗൗരവമായി എടുത്തുവെന്നാണ് അതു കാണിക്കുന്നത്. കേന്ദ്ര നിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കുകയെന്നതാണ് പൊതുവേ ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി കെഎസ്ആർടിസി, മെട്രോ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുമെല്ലാം ഞായറാഴ്ച നിശ്ചലമാകും. സ്വന്തം വീടുകളും പരിസരവും അന്നേദിവസം പൂർണമായി വീട്ടുകാർ തന്നെ ശുചീകരിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായി ഇന്നുനടത്തിയ വീഡിയോ കോൺഫറൻസിൽ കേരളം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും തൊഴിലുറപ്പ് പദ്ധതിയുടെ ദിവസങ്ങൾ നൂറിൽനിന്ന് 150 ദിവസമാക്കണമെന്ന കാര്യം കേന്ദ്രസർക്കാരിനോട് അഭ്യർ‍ഥിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കുറഞ്ഞത് 50 രൂപയെങ്കിലും കൂട്ടണം.അതേപോലെ തന്നെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സബ്സിഡി നിരക്കിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.