കർണാടകയുമായി അതിർത്തിപങ്കിടുന്ന കാസർകോട് ജില്ലയിലെ 12 റോഡുകൾ അടച്ച് കേരളം

single-img
20 March 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ണാടകത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ കേരളം അടച്ചു. കർണാടയുമായി അതിർത്തിപങ്കിടുന്ന ജില്ലയിലെ 12 അതിർത്തി റോഡുകളാണ് കേരളം അടച്ചത്. ഇവിടങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.

മഞ്ചേശ്വരത്തുള്ള തൂമിനാട് റോഡ്‌, കെദംപാടി പദവ് റോഡ്‌, സുങ്കദകട്ടെ മു ടിപ്പ് റോഡ്‌, കുറുട പദവ് റോഡ്‌, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ്‌, ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌, നാട്ടക്കൽ സുള്ള്യപദവ് റോഡ്‌, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി എന്നീ റോഡുകളാണ് പൂർണമായി അടച്ചത്.

അതോടൊപ്പം തന്നെ മുൻകരുതലിന്റെ ഭാഗമായി തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്‌, ആദൂർ- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്‌, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നീ റൂട്ടുകളിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടൂ എന്നും തീരുമാനമുണ്ട്.

തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന ഉണ്ടായിരിക്കും. ജില്ലയിലെ കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് റോഡുകൾ അടയ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം കർണാടകയിലെ ബെം​ഗളൂരുവിലും കൽബുർ​ഗിയിലും കുടകിലും കൊറോണ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട്ചെയ്തിരുന്നു.