കൊറോണ മരണങ്ങളിൽ ചെെനയെ പിന്തള്ളി ഇറ്റലി: മൃതദേഹങ്ങൾ നീക്കാൻ പട്ടാളമിറങ്ങി

single-img
20 March 2020

കോവിഡ്19 വൈറസ്  ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി ഉയർന്നു. ഇറ്റലിയില്‍ സ്ഥിതി ഗുരുതരമാണ്. ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല.  മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

Support Evartha to Save Independent journalism

രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002 പേര്‍. ജര്‍മനി, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്പോള്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് സ്‌പെയിനും കടുത്ത പ്രതിസന്ധിയിലേക്കെന്നാണ് റിപ്പോൾട്ടുകൾ. സൂചിപ്പിക്കുന്നത്. 

നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 2000 കടന്നു. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും അതിര്‍ത്തികള്‍ പൂര്‍ണമായി അടയ്ക്കുകയാണ്. ദക്ഷിണാഫ്രിക്ക സിംബാബ്‌വെയുമായുള്ള അതിര്‍ത്തിയില്‍ വേലി കെട്ടുന്നതായുള്ള വിവരങ്ങളും പുറത്തു വന്നുകഴിഞ്ഞു. 

വികസിത രാജ്യമായ ബ്രിട്ടനില്‍ അരലക്ഷത്തിലേറെപ്പേര്‍ക്കു രോഗം സംശയിക്കുന്നു. ലണ്ടനില്‍ ഭൂഗര്‍ഭ ട്രെയിനുകള്‍ നിര്‍ത്തി. അടിയന്തര സേവനത്തിന് 20,000 പട്ടാളക്കാരെ നിയോഗിച്ചു. ഇന്നു സ്‌കൂളുകള്‍ അടയ്ക്കും. 

അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല.  ന്യൂയോര്‍ക്കില്‍ മാത്രം 3,000 രോഗികള്‍. പുറത്തിറങ്ങാതെ ലക്ഷക്കണക്കിനാളുകള്‍. കൂടുതല്‍ അടിയന്തര ധനസഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌പെയിനില്‍ 24 മണിക്കൂറില്‍ മരണനിരക്ക് 30 ശതമാനം ഉയര്‍ന്നു. നഗരങ്ങള്‍ നിശ്ചലമാണ്. ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. ഒറ്റദിവസം 2943 പുതിയ രോഗികള്‍. സേവനത്തിനു പട്ടാളമിറങ്ങി. രണ്ടാം ലോകയുദ്ധകാലത്തിനു തുല്യമായ സ്ഥിതിയെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടത്. 

മധ്യ കിഴക്കൻ രാജ്യമായ ഇറാനില്‍ ഇന്നലെ മാത്രം 149 മരണം. രോഗം മൂലം ഓരോ 10 മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നുവെന്നും ഓരോ മണിക്കൂറിലും 50 പേര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നത്.