രോഗിയുമായി സെൽഫി എടുത്തു, എന്നാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല: മഞ്ചേശ്വരം എംഎൽഎ

single-img
20 March 2020

കാസർകോട് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുമായി താൻ അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ. അയാൾക്കൊപ്പം സെൽഫി എടുത്തുവെന്നും എന്നാൽ ആസമയം താൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ കാസർകോടേക്ക് പോകവേ അദ്ദേഹം വണ്ടിക്ക് കൈ കാണിച്ചപ്പോൾ എംഎൽഎ ആയിരുന്നതിനാലും നേരത്തെ പരിചയമുള്ളവരായതിനാലുമാണ് വണ്ടി റിവേഴ്സെടുത്തത് എന്ന് എംഎൽഎ പറഞ്ഞു. വണ്ടി നിർത്തിയപ്പോൾ വെറുതെ വിളിച്ചതാണെന്നും വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്നും ആ വ്യക്തി പറഞ്ഞു .

“ഫോട്ടോ എടുക്കാൻ ഞാൻ വണ്ടിയിൽ നിന്നിറങ്ങിയിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ ഇപ്പോഴത്തേതാവില്ല. മാത്രമല്ല ആ വ്യക്തിയെ ഞാൻ കെട്ടിപ്പിടിച്ചിട്ടില്ല. ഷേക് ഹാന്റ് കൊടുത്തതും ഓർമ്മയില്ല. ജനങ്ങൾക്കിടയിൽ ഈ വ്യക്തി ഇടപഴകിയത് വളരെയധികം ആശങ്കയുണ്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. സർക്കാർ നൽകുന്ന നിർദ്ദേശം അനുസരിച്ച് ഇയാൾ വീടിനകത്ത് നിൽക്കേണ്ടതായിരുന്നു. ആ കാര്യം നിരീക്ഷിക്കേണ്ടതും ആയിരുന്നു” – എംസി ഖമറുദ്ദീൻ പറഞ്ഞു.

“കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞത്. ഉടൻ തന്നെ എൻഎ നെല്ലിക്കുന്ന് എംഎൽഎയെ ബന്ധപ്പെട്ട് കുറച്ച് ദിവസം പുറത്ത് പോകേണ്ടെന്ന തീരുമാനം എടുക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടക്കുന്നത് ശരിയല്ലെന്ന് കരുതിയെടുത്ത തീരുമാനമാണ്. തുടർന്നുള്ളപരിശോധനയ്ക്ക് ആരോഗ്യവകുപ്പിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗാണുക്കൾ ശരീരത്തിൽ കയറിയിട്ടുണ്ടോയെന്ന് അറിയില്ല” എന്നും എംഎൽഎ പറഞ്ഞു.