പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ 2,000 കോടി രൂപയുടെ പ്രത്യേക വായ്പ വേണം; നബാർഡിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

single-img
20 March 2020

കൊറോണ വൈറസ് വ്യാപനം കേരളത്തിൽ എല്ലാ മേഖലകളെയും സാരമായി ബാധിച്ച പശ്ചാത്തലത്തിൽ നബാർഡിനോട് വായ്പ ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി നബാര്‍ഡ് ചെയര്‍മാന്‍ ഡോ ഹര്‍ഷ്കുമാര്‍ ബന്‍വാലക്ക് കത്തയച്ചു.സംസ്ഥാനത്തിനുള്ള പ്രത്യേക വായ്പ രണ്ട് ശതമാനം പലിശയ്ക്ക് അനുവദിക്കുകയെന്നതാണ് പ്രധാനമായആവശ്യം .

Support Evartha to Save Independent journalism

കാരണം ഈ പലിശ നിരക്കിപ്പോൾ 3.9 ശതമാനമാണ്. അതോടൊപ്പം തന്നെ ബാങ്കുകള്‍ക്ക് വര്‍ദ്ധിച്ച പുനര്‍വായ്പ നബാര്‍ഡ് ലഭ്യമാക്കണം. ഗ്രാമങ്ങളിലെ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ ഇതാവശ്യമാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കമേഴ്സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയ്ക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.

സംസ്ഥാനത്തെചെറുകിട മേഖലയിലെ സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 8.4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണം. ഇടക്കാല -ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ സഹകരണ ബാങ്കിന് ലോംഗ് ടേം റൂറല്‍ ക്രഡിറ്റ് ഫണ്ടിന്‍റെ പുനര്‍വായ്പ 3 ശതമാനം നിരക്കില്‍ ലഭ്യമാക്കണം.ഇതോടൊപ്പം തന്നെ നബാര്‍ഡ്, ആര്‍.ബി.ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്‍ററുകളെ സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് ഡവലപ്മെന്‍റ് ഫണ്ടില്‍നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്നും അധിക ഗ്രാന്‍റ് അനുവദിക്കണം.

സാധിക്കുന്ന എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം പുറമെ രാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കൊറോണ വ്യാപിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്നും മുഖ്യമന്ത്രി നബാര്‍ഡ് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.