എറണാകുളത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ രോഗബാധിതരുടെ എണ്ണം 30

single-img
20 March 2020

കേരളത്തിൽ എറണാകുളം ജില്ലയിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടുകൂടി സംസ്ഥാനത്താകെ രോഗബാധിതരുടെ എണ്ണം 30 ആയി വർദ്ധിച്ചു. മന്ത്രി വി എസ് സുനില്‍കുമാറാണ് കൊറോണ സ്ഥിരീകരിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേരളത്തിലേക്ക് ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് കൊവിഡ് 19 ഇന്ന് സ്ഥിരീകരിച്ചത്.

കേരളത്തിലെത്തിയ ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്. രോഗം ഇന്ന് സ്ഥിരീകരിച്ചതോടെ ഇവരെ നിലവിൽ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം തന്നെ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിക്കുകയും ചെയ്തു.

ഈ യോഗത്തിൽ 25ഓളം ആശുപത്രികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കൊറോണ എന്ന് സംശയിക്കുന്ന രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന രീതി ശരിയല്ലെന്ന് യോഗത്തിൽ ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.