കൊറോണയെ കീഴടക്കി ചെെന: ഒരാൾക്കു പോലും രോഗം റിപ്പോർട്ടുചെയ്യാതെ ഒരു ദിനം കഴിഞ്ഞു

single-img
20 March 2020

കോവിഡ്19 വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക നേട്ടം സ്വന്തമാക്കി ചൈന. കഴിഞ്ഞ ദിവസം ഒരാൾക്കു പോലും ചെെനയിൽ രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയിൽ ഒരു ദിവസം പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കുന്നതെന്നുള്ളതും പ്രത്യേകതയാണ്. കഴിഞ്ഞ ഡിസംബറിൽ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാനിലുൾപ്പെടെ പുതിയ കൊറോണ കേസുകൾ കണ്ടെത്തിയിട്ടില്ല. 

എന്നാൽ പുറത്തുനിന്നും വൈറസ് ബാധയുമായി രാജ്യത്തെത്തിയവർ ചൈനയ്ക്കു തലവേദനയാകുന്നതു തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജനുവരി 23 മുതൽ വുഹാനിലെ 11 ദശലക്ഷം ജനങ്ങൾ കടുത്ത നിയന്ത്രണങ്ങളിലാണു ജീവിക്കുന്നത്. ഹ്യൂബെ പ്രവിശ്യയിലെ 40 ദശലക്ഷത്തോളം ആളുകളും യാത്രാനിയന്ത്രണങ്ങളുൾപ്പെടെ പാലിക്കുകയാണ്. ചൈനയുടെ മറ്റു ഭാഗങ്ങളിലും ആൾകൂട്ടങ്ങൾക്കും പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ടെന്നും മാധ്യമങ്ങൾ പറയുന്നു. 

അതേസമയം ഹ്യൂബെയിൽ വൈറസ് ബാധിച്ച് എട്ടുപേർ കൂടി മരിച്ചു. ഇതോടെ ചൈനയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 3,245 ആയി ഉയർന്നു. 81,000ത്തിന് അടുത്ത് ചൈനീസ് പൗരന്മാരെയാണ് വൈറസ് ബാധിച്ചത്. അതിൽ 7,263 പേര്‍ക്കു മാത്രമാണു രോഗം ഭേദപ്പെടാനുള്ളതെന്നും ചൈന അറിയിച്ചിട്ടുണ്ട്. 

എന്നാൽ ലോകത്ത് ആമാനം വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 8,700 മരണങ്ങളും ലോകത്തു നടന്നു. 

രോഗം നിയന്ത്രണ വിധേയമായതിനെ തുടർന്ന് മാർച്ച് പത്തിന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻ പിങ് വുഹാന്‍ സന്ദർശിച്ചിരുന്നു. അതിനു പിന്നാലെ വുഹാൻ ഒഴികെയുള്ള ഹ്യൂബെ പ്രവിശ്യയിലെ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനു ജനങ്ങൾക്ക് അനുമതിയും നൽകി. ഇതേസമയം ഹ്യൂബെയിലെ ലോ റിസ്കിൽ ഉള്ള ഇടങ്ങളിൽനിന്ന് രോഗം ഇല്ലാത്തവരെ പ്രവിശ്യയ്ക്കു പുറത്ത് പോകാന്‍ അനുവദിക്കുമെന്ന് ബുധനാഴ്ച അധികൃതർ അറിയിച്ചു.