ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണം; കുറ്റവാളികളോട് അഭ്യര്‍ത്ഥനയുമായി യുഎസ് പോലീസ്

single-img
19 March 2020

ലോകമാകെ ഇപ്പോൾ കൊറോണ ഭീതിയിലാണ്. ഏകദേശം153 ഓളം രാജ്യങ്ങളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. അമേരിക്കയിൽ ഇപ്പോൾ തന്നെ നൂറിലേറെ പേരുടെ ജീവന്‍ കൊറോണ എടുത്തുകഴിഞ്ഞിരിക്കുന്നു. ലോകമാകെ 8300ഓളം പേര്‍ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളിലെയും ഭരണകൂടവും ആരോഗ്യവകുപ്പും പോലീസും മറ്റുളളവരുംപൂർണ്ണസമയം കര്‍ത്തവ്യം നിര്‍വ്വഹിക്കുകയാണ്. ഇതിനെ തടസപ്പെടുത്തുന്നത് വളരെ നിസ്സാര കാര്യമാണെങ്കില്‍ കൂടിയും അത് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ഈ സമയം പോലീസിനെ കുഴപ്പത്തിലാക്കി കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയാൽ എന്താകും അവസ്ഥ?

ഇതിനെ മുന്നിൽ കണ്ടുകൊണ്ട് അമേരിക്കയിലെ വിവിധ പോലീസ് ഏജന്‍സികള്‍ വളരെ രസകരമായ അഭ്യര്‍ഥനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്നായിരുന്നു സാള്‍ട്ട് ലേക്ക് സിറ്റി പോലീസ് നടത്തിയ അഭ്യര്‍ഥന.
സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതിനും തങ്ങളോട് സഹകരിക്കുന്നതിനും എല്ലാവരെയും മുന്‍കൂറായി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുകയാണെന്നും പോലീസ് സോഷ്യൽ മീഡിയയായ ട്വിറ്ററില്‍ കുറിച്ചു.

സമാനമായിയുഎസിലെ ഓഹിയോ, വിസ്‌കോന്‍സിന്‍, കെന്റുകി, വാഷിങ്ടണ്‍ തുടങ്ങിയ മേഖലകളിലെ പോലീസ് വിഭാഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റവാളികളോട് ഈ രസകരമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.