പേപ്പട്ടിയും സായിപ്പും ആരോഗ്യമന്ത്രിയും മാത്രമേ നട്ടുച്ചയ്ക്ക് വെയില്‍ കൊള്ളാന്‍ ഇറങ്ങൂ; പരിഹാസവുമായി ശശി തരൂര്‍

single-img
19 March 2020

കൊറോണ മാറ്റാൻ അശാസ്ത്രീയത പ്രചരിപ്പിച്ച കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൗബേയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ശക്തമായ വെയിലിൽ നിന്നാല്‍ കൊവിഡ് 19 പോലുള്ള വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.

എന്നാൽ അതിനെ പരിഹസിച്ചുകൊണ്ട് തരൂർ പറഞ്ഞത് നട്ടുച്ചയ്ക്ക് പേപ്പട്ടിയും സായിപ്പും മാത്രമേ വെയില്‍ കൊള്ളാന്‍ പുറത്തിറങ്ങാറുള്ളൂ എന്നൊരു ചൊല്ലുണ്ട്. പക്ഷെ ഇപ്പോൾ അതിനെ പേപ്പട്ടിയും സായിപ്പും ആരോഗ്യമന്ത്രിയും എന്ന് മാറ്റി പറയേണ്ടി വരും എന്നായിരുന്നു.

മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനായി കേന്ദ്രആരോഗ്യസഹമന്ത്രി ഒരുപാട് ഉച്ചവെയില്‍ കൊള്ളുന്നുണ്ടെന്നാണ് തോന്നുന്നത് എന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയംആള്‍ക്കൂട്ടം ഒഴിവാക്കിയും വ്യക്തിശുചിത്വം പാലിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ പുറത്തുവിടുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച അശ്വിനി ചൗബേ കൂടി അംഗമായ ആരോഗ്യമന്ത്രാലയം കൊറോണക്കെതിരെയുള്ള മുന്‍കരുതലുകള്‍ക്കായി മൂന്ന് പേജുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. അവയിൽ പോലും അശ്വിനി ചൗബേ പറഞ്ഞതുപോലുള്ള വിറ്റാമിന്‍ ഡിയോ സൂര്യവെളിച്ചം കൊള്ളുന്നതോ കൊറോണയെ പ്രതിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല.