ഗോ ബാക്ക് വിളിച്ചവര്‍ സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരും: രഞ്ജന്‍ ഗൊഗോയി

single-img
19 March 2020

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഇന്ന് നടന്ന രാജ്യസഭാ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷെയിം ഓണ്‍ യു എന്ന് വിളിച്ച് തനിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. ഇപ്പോള്‍ തനിക്കെതിരെ ഗോ ബാക്ക് വിളിച്ചവര്‍ തന്നെ സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

” കൂടുതല്‍വൈകാതെ തന്നെ അവര്‍ എന്നെ സ്വാഗതം ചെയ്യും. എന്നെ വിമര്‍ശിക്കുന്നവരായി ആരും ഇവിടെയില്ല”, എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗൊഗോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്ന് രാവിലെയായിരുന്നു രാജ്യസഭാംഗമായി ഗൊഗോയ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ തന്നെ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോയശേഷം സത്യപ്രതിജ്ഞ കഴിഞ്ഞാണ് തിരികെ വന്നത്.