കൊറോണയെ പ്രതിരോധിക്കാന്‍ മന്ത്രിച്ചവെള്ളം നല്‍കി; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
19 March 2020

കൊറോണ വൈറസ് ഭീതിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ തട്ടിപ്പു വിദ്യകളുമായി ഇറങ്ങിയിരിക്കുന്നത് നിരവധി വ്യാജന്‍മാരാണ്. കൊച്ചിയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ മന്ത്രിച്ച വെള്ളം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ചേരാ നെല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് പിടിയിലായത്. രോഗിയാണെന്നു പറഞ്ഞ് ഇവരെ സമീപിച്ച വ്യക്തിക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്‍കുകയായിരുന്നു. നിരവധിപ്പേരാണ് ഇതിനോടകം ഇവരുടെ ചതിയില്‍ പെട്ടത്. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് നടപടിയെടുത്തത്.

കൊറോണ വടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ചില വ്യാജ വൈദ്യന്മാരും വ്യാജ ആള്‍ ദൈവങ്ങളും ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരത്തിലുള്ളവരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. കേരളത്തിലും അത്തരം കാശുണ്ടാക്കുന്ന വ്യാജന്മാര്‍ പിടിമുറുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വ്യാജ വൈദ്യനായ മോഹനന്‍ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൂനയില്‍ ഒരു പാസ്റ്റര്‍ കൊറോണയെ തുരത്താന്‍ കഴിയുന്ന തൈലം നല്‍കി ആളുകളെ പറ്റിച്ചിരുന്നു. കൂടാതെ ലഖ്നൗവില്‍ ഒരു ആള്‍ ദൈവം തന്റെ കൈയ്യിലിരിക്കുന്ന കല്ലിന് ശക്തിയുണ്ടെന്ന് പറഞ്ഞ് ഭക്തരെ വഞ്ചിച്ചിരുന്നു. കൊറോണ എന്ന മഹാമാരിയില്‍ പെട്ട് ജനങ്ങള്‍ പ്രതിസന്ധിയില്‍നില്‍ക്കുമ്പോഴാണ് ഇത്തരം വ്യാജന്മാര്‍ ആളുകളെ ചൂഷണം ചെയ്യുന്നത്.