രണ്ട് ദിവസം മുന്‍പ് 94; പിന്നീട് ഒറ്റ ദിവസത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 204 പേര്‍ക്ക്; പ്രതിസന്ധിയിലൂടെ പാകിസ്താന്‍

single-img
19 March 2020

പാകിസ്താനിൽ കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ത്ഥാടകരില്‍ ധാരാളം ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാജ്യം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 204 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെറും രണ്ട് ദിവസങ്ങൾക്ക് മുൻപ് 94 കൊവിഡ് കേസുകള്‍ മാത്രമാണ് പാകിസ്താനിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതിന് ശേഷം വെറും ഒറ്റ ദിവസം കൊണ്ടുള്ള ഈ വർദ്ധനവ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് ഇപ്പോൾ പാകിസ്ഥാന്‍. ദക്ഷിണേഷ്യയിലെമറ്റുള്ള എല്ലാ രാജ്യങ്ങളിലെല്ലാമായി 166 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ തന്നെ 90 ശതമാനവും ഇന്ത്യയിലുമാണ്.

അതേസമയം പാകിസ്താനിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സിന്ധ് പ്രവശ്യയില്‍ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ഒരു വിവാഹംവും കഴിഞ്ഞ ദിവസം കറാച്ചിയില്‍ നിര്‍ത്തി വെച്ചിരുന്നു.