ഒളിമ്പിക്‌സ് നീട്ടിവെക്കപ്പെടാം; സൂചന നല്‍കി ലോക അത്‌ലറ്റിക്‌സ് മേധാവി

single-img
19 March 2020

കൊറോണ ഭീതിയിൽ ഇപ്പോൾ തന്നെ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്.
ഇനിയും വൈറസ് ബാധ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങള്‍ക്കും ആശങ്കയുണ്ട്.

അതേസമയം എങ്ങിനെയും ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനത്തിലാണ് ജപ്പാന്‍. മുൻ നിശ്ചയിച്ച പ്രകാരം ജൂലായ് 24 മുതല്‍ ഒളിമ്പിക്‌സിന് ടോക്യോ വേദിയാകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞിരുന്നു.

അതേസമയം ടോക്യോ ഒളിമ്പിക്‌സിന്റെ സംഘാടക സമിതിയിൽ അംഗമായ സെബാസ്റ്റ്യന്‍ കോയിയുടെ നിരീക്ഷണം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിമ്പിക്‌സ് നീട്ടാനാണ് സാധ്യത എന്നാണ്. ഒരുപക്ഷെ സെപ്തംബറിലോ ഒക്ടോബറിലോ ഒളിമ്പിക്‌സ് നടക്കാം. അതിന്റെ തീയതി കൃത്യമായി ഉറപ്പിക്കാറായിട്ടില്ല എന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സെബാസ്റ്റ്യന്‍ കോയി പറഞ്ഞു.

കൊറോണയെ തുടർന്ന് ഒരു വര്‍ഷം വൈകിയാണ് ഒളിമ്പിക്‌സ് നടക്കുന്നതെങ്കില്‍ ലോക ചാംപ്യന്‍ഷിപ്പുകളുടെയെല്ലാം താളംതെറ്റും. കഴിഞ്ഞ വാരം, ഒളിമ്പിക്‌സ് ഒരു വര്‍ഷം വൈകി നടത്തിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.