മാർച്ച് 22ന് ജനതാ കർഫ്യൂ; രാവിലെ 7 മുതൽ രാത്രി 9 വരെ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി

single-img
19 March 2020

കൊറോണ വൈറസ് ബാധ തടയുന്നതിനായി മാർച്ച് 22-ന് എല്ലാവരും ‘ജനതാ കർഫ്യൂ’ ആചരിക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്രകാരം ആഹ്വാനം ചെയ്തത്.

ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ആചരിക്കുന്ന കർഫ്യൂ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. മാർച്ച് 22-ന് ആരും രാവിലെ 7 മുതൽ രാത്രി 9 മണിവരെ പുറത്തിറങ്ങരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരുന്ന കാലത്ത് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരിടാനുള്ള ഒരു ട്രയൽ ആയി എടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

മാർച്ച് 22-ന് വൈകിട്ട് 5 മണിയ്ക്ക് വൈകുന്നേരം അഞ്ചു മണിക്ക് ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വികസിത രാജ്യങ്ങളിൽപ്പോലും നിയന്ത്രണാതീതമായി പടർന്ന കോവിഡ് രോഗം നമ്മുടെ രാജ്യത്ത് വരില്ല എന്ന തെറ്റായ ധാരണ പലർക്കും ഉണ്ടെന്നും എന്നാൽ സാഹചര്യങ്ങൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങളുടെ ലഭ്യത കുറയില്ലെന്നും അതിനായി സാധനങ്ങൾ വാങ്ങി സംഭരിക്കരുതെന്നും അദ്ദേഹം അറിയിച്ചു.

നമ്മുടെ ആരോഗ്യമാണ് ലോകത്തിന്റെ ആരോഗ്യം. അതുകൊണ്ട് ഓരോരുത്തരും അവരവർക്ക് രോഗം വരാതെയും മറ്റുള്ളവർക്ക് രോഗം പകർത്താതെയും സൂക്ഷിക്കണം. അതിനായി നിങ്ങളുടെ വരുന്ന കുറച്ച് ആഴ്ചകൾ എനിക്ക് തരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഈ ദുരന്തം മാനവരാശിയെ ആകെ ഗ്രസിച്ചിരിക്കുകയാണ്. ഇതിന് ചികിത്സയോ വാക്സിനോ ലഭ്യമല്ല. മറ്റു രാജ്യങ്ങളിൽ ആദ്യഘട്ടത്തിന് ശേഷം രോഗം പടർന്നുപിടിച്ചത് വളരെ പെട്ടെന്നാണ്. അതിനാൽ നാം വളരെയധികം സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.