ഗോഡ്സെ മുതൽ അഫ്സൽ ഗുരു വരെ; രാജ്യത്തെ പരമോന്നത ശിക്ഷ ഏറ്റു വാങ്ങിയ കുറ്റവാളികൾ

single-img
19 March 2020

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.ദയാഹര്‍ജികളും അപ്പീലുകളുമെല്ലാം തള്ളിയ സാഹചര്യത്തില്‍ ഇത്തവണ ശിക്ഷ നടപ്പാക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.വികസിത രാജ്യങ്ങളില്‍ പലതും വധശിക്ഷ റദ്ദാക്കിയെങ്കിലും ഇന്ത്യയില്‍ ഇന്നും വധശിക്ഷ വിധിക്കാറുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് ഇത്തരം ശിക്ഷാവിധിയുണ്ടാകുന്നത്.

ഇന്ത്യയെ നടുക്കിയ ‘നിര്‍ഭയ’സംഭവം നടന്നത് 2012 ഡിസംബര്‍ 16ന്. ഫിസിയോതെറപ്പി വിദ്യാര്‍ഥിനി അന്നു രാത്രി ഡല്‍ഹി ബസില്‍ ക്രൂരമായ മാനഭംഗത്തിനിരയായി. ഡിസംബര്‍ 29 നു പെണ്‍കുട്ടി സിംഗപ്പുരിലെ ആശുപത്രിയില്‍ മരിച്ചു. വിചാരണയ്ക്കിടെ മുഖ്യപ്രതി ജീവനൊടുക്കി. മറ്റു നാലു പ്രതികള്‍ക്കു അതിവേഗ കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതി പ്രത്യേക തിരുത്തല്‍ കേന്ദ്രത്തില്‍ മൂന്നുവര്‍ഷം താമസിക്കണമെന്നായിരുന്നു വിധി.പ്രതികളുടെ ദയാഹര്‍ജികളും അപ്പീലുകളുമൊക്കെയായി 7 വര്‍ഷം കടന്നുപോകുകയായിരുന്നു.

വളരെ കഠിനമായ കുറ്റം ചെയ്യുന്നവര്‍ക്ക് മരണം തന്നെ ശിക്ഷയായി നല്‍കുന്നതിനെ വധശിക്ഷ എന്ന് വിളിക്കുന്നു. ഇപ്പോഴും ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങള്‍ക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീല്‍ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങള്‍ക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ 102 രാജ്യങ്ങളില്‍ വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുന്നു.

ഗോഡ്സെ മുതൽ അഫ്സൽഗുരു വരെ-രാജ്യത്തെ പരമോന്നത ശിക്ഷ ഏറ്റുവാങ്ങിയ കുറ്റവാളികൾ

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.ദയാഹര്‍ജികളും അപ്പീലുകളുമെല്ലാം തള്ളിയ സാഹചര്യത്തില്‍ ഇത്തവണ ശിക്ഷ നടപ്പാക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.വികസിത രാജ്യങ്ങളില്‍ പലതും വധശിക്ഷ റദ്ദാക്കിയെങ്കിലും ഇന്ത്യയില്‍ ഇന്നും വധശിക്ഷ വിധിക്കാറുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് ഇത്തരം ശിക്ഷാവിധിയുണ്ടാകുന്നത്.The country is looking into whether the death penalty will be executed tomorrow in the Nirbhaya case. Death penalty is abolished in many developed countries,Death penalty is still in India on rare cases…#nirbhayacase #deathpenalty #deathpenaltyinindia

Posted by Evartha TV on Thursday, March 19, 2020

ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്. ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ 2007, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ വധശിക്ഷയ്ക്കെതിരേ (പൂര്‍ണമായി നിറുത്തലാക്കല്‍ ലക്ഷ്യം വച്ച്) നിര്‍ബന്ധമല്ലാത്ത പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെങ്കിലും വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്തോനേഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങളാകട്ടെ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരേ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്.മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാധുറാം ഗോഡ്സെയെ 1949-ല്‍ തൂക്കിലേറ്റി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷയായിരുന്നു അത്. മൂംബൈയില്‍ രണ്ടു കൗമാരക്കാരെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രംഗ (കുല്‍ജീത് സിങ്), ബില്ല (ജസ്ബീര്‍ സിങ്) എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചത്. മുംബൈ സ്വദേശികളായ ഇവരെ 1982 ജനുവരി 31-ന് തിഹാര്‍ ജയിലില്‍വെച്ച് തൂക്കിലേറ്റി.

തമിഴ് നാട്ടിലെ വെല്ലൂരിലെ കുപ്രസിദ്ധ കൊലയാളിയായിരുന്ന ഓട്ടോ ശങ്കര്‍ എന്ന ഗൗരി ശങ്കെറെ 1995 ഏപ്രില്‍ 27 ന് സേലം ജയിലില്‍ വച്ച് തൂക്കിക്കൊന്നു.ഇന്ത്യയുടെ സുപ്രീം കോടതി വധശിക്ഷ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ നടപ്പാക്കാവൂ എന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.1995 മുല്‍ 2004 വരെ ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല

2004 ല്‍ നടപ്പിലായ ഒരു വധശിക്ഷ ഹേതല്‍ പരേഖ് എന്ന 14 കാരിയെ 1990-ല്‍ കൊല്‍കൊത്തയില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസില്‍ കുറ്റക്കാരന്‍ എന്ന് വിധിക്കപ്പെട്ട ധനന്‍ജോയ് ചാറ്റര്‍ജീ എന്ന ആളുടേതായിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തില്‍ ബലാത്സംഗം ചെയ്യല്‍ എന്നിവയൊക്കെ വധശിക്ഷ നല്‍കത്തക്ക വിധം നിഷ്ടൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യന്‍ പ്രസിഡന്റിന്റെ ദയാഹര്‍ജി തള്ളപ്പെട്ടപ്പോള്‍ ചാറ്റര്‍ജിയെ 2004 ഓഗസ്റ്റ് 14-ന് തൂക്കിക്കൊന്നു. 1995-നു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്. 2008ലെ മുംബൈ അക്രമണപരമ്പരയില്‍ പങ്കാളിയായ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് രാവിലെ 7.30ന് പുനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9 ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. 2015 ജൂലായ് 30 ന് നാഗ്പൂര്‍ സെന്‍്ട്രല്‍ ജയിലില്‍ വച്ച് 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി.2014ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ വധ ശിക്ഷ ഒഴിവാക്കിയ നാട്ടുരാജ്യമാണ് തിരുവിതാംകൂര്‍ 1945 ല്‍.പിന്നീട് ഇന്ത്യയുടെ ഭാഗമായപ്പോള്‍വധശിക്ഷ വീണ്ടും നിലവില്‍ വന്നു. കേരളത്തില്‍ 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്ന റിപ്പര്‍ ചന്ദ്രന്റെതാണ് അവസാനം നടപ്പാക്കിയ വധശിക്ഷ. 15 പേരെ തലക്കടിച്ചു കൊന്ന കേസിലാണ് റിപ്പറിന് ശിക്ഷ ലഭിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1971 ല്‍ അഴകേശനെ തൂക്കിക്കൊന്ന ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല. ദുര്‍മന്ത്രവാദത്തിനുവേണ്ടി കുഞ്ഞുങ്ങളെ കൊന്ന കേസിലാണ് കളിയിക്കാവിള സ്വദേശി അഴകേശനെ തൂക്കിലേറ്റിയത്.

2018 ല്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചതോടെ സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം 21 ആയി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍. 11 പേരാണ് ഇവിടെയുണ്ടായിരുന്നത്. ഉദയകുമാര്‍ കേസിലെ രണ്ട് പ്രതികള്‍ കൂടി എത്തിയതോടെ ഇവിടെ 13 വധശിക്ഷ തടവുകാരായി.വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നാലുപേര്‍ വീതമാണ് നിലവില്‍ വധശിക്ഷ കാത്ത് കഴിയുന്നവര്‍. ഒടുവില്‍ വധശിക്ഷ ലഭിച്ചത് പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിനാണ്. ഇയാള്‍ വിയ്യൂര്‍ ജയിലിലാണ്. സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷ ലഭിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.

ഏതായാലും നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റാന്‍ ഇനിയൊരു പകല്‍ മാത്രം ബാക്കിയാണ്. വെള്ളിയാഴ് രാവിലെ 5.30. സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച ചരിത്രം ആവര്‍ത്തിക്കപ്പെടും. ഒരു കേസില്‍ നാല് കുറ്റവാളികള്‍ ഒരേ സമയം തൂക്കിലേറ്റപ്പെടും.വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ അവസാനവട്ട ശ്രമങ്ങള്‍ സജീവമാണ്. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ 4 പ്രതികളില്‍ 3 പേര്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ ബാക്കിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മരണവാറന്റ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ വിചാരണക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്.

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകള്‍ കോടതിക്ക് മുമ്പില്‍ എത്തുകയായിരുന്നു.ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നായിരുന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്നലെ പട്യാല ഹൗസ് കോടതിയില്‍ വാദിച്ചത്.അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ ഇക്കാര്യത്തില്‍ തിഹാര്‍ ജയില്‍ അധികൃതരുടെ മറുപടി തേടിയിട്ടുണ്ട്. ഹര്‍ജി ഇന്നു പരിഗണിക്കും.നേരത്തെ ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കിയിരുന്നു.വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നാടകീയ നീക്കങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.